കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി. ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയായിരുന്നു വധഭീഷണി സന്ദേശം. സ്ഫോടനമുണ്ടാക്കുമെന്നാണ് മെയിലിൽ പറഞ്ഞിരിക്കുന്നത്. ഗവർണർക്കെതിരെ ഇത്തരം ഭീഷണികൾ ഉയരുന്നത് ഇതാദ്യമല്ല. മുമ്പും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർക്ക് സുരക്ഷ കർശനമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ഇമെയിൽ സന്ദേശത്തിൽ പ്രതി തന്റെ മൊബൈൽ നമ്പറും ചേർത്തിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി മമതാ ബാനർജിയേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.സംസ്ഥാന പോലീസും സിആർപിഎഫും ചേർന്ന് ഗവർണറുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെഡ്-പ്ലസ് സുരക്ഷയുള്ള ആനന്ദബോസിന് സുരക്ഷയ്ക്കായി ഏകദേശം 60-70 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ‘ഗവർണർ പോലും സുരക്ഷിതരല്ലാത്ത മമത ബാനർജിയുടെ ഭരണത്തിലേക്ക് സ്വാഗതം. പശ്ചിമ ബംഗാളിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു’, എന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.