പുകവലി ഉത്കണ്ഠയും സമ്മർദ്ദവും വർധിപ്പിക്കും ,മാനസികാരോഗ്യം തകരാറിലാക്കും ; പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം ? അറിയാം

Studies show that smoking habit can also affect mental health
4, June, 2025
Updated on 4, June, 2025 19

Studies show that smoking habit can also affect mental health

മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.പുകയിലയുടെ അപകടത്തെക്കുറിച്ച് ആളുകളിൽ അവബോധമുണ്ടാകുന്നതിനും,
സിഗരറ്റ് ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ ദിനം കൊണ്ട് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. പുകയില പ്രതിവർഷം എട്ട് ലക്ഷത്തോളം ആളുകളുടെ ജീവൻ ഭീഷണിയാകുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

പുകവലി ശ്വാസകോശത്തിനെ മാത്രമല്ല ബാധിക്കുന്നത്.പുകവലി ശീലം മനസികാരോഗ്യത്തെയും ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.സമ്മർദ്ദം കുറയ്ക്കാനാണ് പലപ്പോഴും ആളുകൾ പുകവലി ശീലം തുടങ്ങുന്നത്. എന്നാൽ ഇത് ഉത്കണ്ഠയും സമ്മർദ്ദവും വർധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.പുകവലി സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കും.ഒരാൾ സിഗരറ്റ് ഉപയോഗിക്കുമ്പോൾ പത്ത് സെക്കൻഡിനുള്ളിൽ നിക്കോട്ടിൻ തലച്ചോറിലെത്തുന്നു.തുടക്കത്തിലിത് മാനസികാവസ്ഥയും ഏകാഗ്രതയും മെച്ചപ്പെടുത്തി, ദേഷ്യവും സമ്മർദ്ദവും കുറയ്ക്കുന്നു.നിക്കോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ പുകവലിക്കുമ്പോൾ സമ്മർദ്ദം കുറയുന്നതായി തോന്നും എന്നാൽ കുറച്ച് കഴിയുമ്പോൾ വീണ്ടും സിഗരറ്റ് ഉപയോഗിക്കാനുള്ള പ്രവണത കൂടുതലാകും. ഇങ്ങനെയാണ് പലപ്പോഴും പുകവലിക്ക് അടിമപ്പെട്ട് പോകുന്നത്.സിഗരറ്റ് ഉപയോഗം സ്കീസോഫ്രീനിയ ,ഉത്കണ്ഠ തുടങ്ങിയ മനസികാരോഗ്യാവസ്ഥകൾ ഉണ്ടാക്കുകയും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലെത്തിക്കുകയും ചെയ്യും.പുകവലി നിർത്തുന്നതിലൂടെ മാനസികാരോ​ഗ്യത്തിൽ കാര്യമായ പുരോ​ഗതി ഉണ്ടാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധ മാർഗങ്ങൾ ;

  • ദിവസവും വ്യായാമം ചെയ്യുന്നത് പുകവലിയോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
  • മാനസികമായ സംഘർഷങ്ങളാണ് പലപ്പോഴും പുകയില ഉപയോഗത്തിലേക്ക് നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കി സന്തോഷമായിരിക്കാൻ ശ്രമിക്കുക
  • പുകവലിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. സ്ഥിരമായി പുകവലിക്കുന്ന സ്ഥലം, സൗഹൃദങ്ങൾ തുടങ്ങിയവയിൽ നിന്ന് വിട്ടുനിൽക്കുക
  • പുകവലിക്കാനുള്ള തോന്നൽ ഉണ്ടാകുമ്പോൾ പത്ത് മിനിറ്റ് കഴിയട്ടെ എന്ന് സ്വയം തീരുമാനിക്കുക.ഇങ്ങനെ സമയം നീട്ടികൊണ്ട് പോവുകയും പിന്നീട് ആ തോന്നൽ ഇല്ലാതാക്കുകയും ചെയ്യാം
  • നിക്കോട്ടിന്‍ ആസക്തി അധികമാവുമ്പോള്‍ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക





Feedback and suggestions