2.5 കോടി പാക്കേജോടെ പ്ലേസ്മെന്റ്; റെക്കോർഡ് നേട്ടവുമായി 21-കാരൻ


2, January, 2026
Updated on 2, January, 2026 62




ഹൈദരാബാദ്: ഐഐടി ഹൈദരാബാദിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് സ്വന്തമാക്കി വിദ്യാർത്ഥി എഡ്വേർഡ് നഥാൻ വർഗീസ്. നെതർലാൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒപ്റ്റിവർ’ എന്ന ട്രേഡിംഗ് കമ്പനിയാണ് എഡ്വേർഡിന് 2.5 കോടി രൂപയുടെ വാർഷിക ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തത്. 2008 ൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതിനുശേഷം ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാക്കേജാണിത്21 വയസ്സുകാരനായ എഡ്വേർഡ് നഥാൻ വർഗീസ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജൂലൈയിൽ കമ്പനിയിൽ ചേരും. നേരത്തെ ഇതേ കമ്പനിയിൽ നടത്തിയ രണ്ട് മാസത്തെ സമ്മർ ഇന്റേൺഷിപ്പിലെ മികച്ച പ്രകടനമാണ് പ്രീ-പ്ലേസ്‌മെന്റ് ഓഫറിലേക്ക് വഴിവെച്ചത്. ഈ വർഷം ഇന്റേൺഷിപ്പിനായി രണ്ട് വിദ്യാർത്ഥികളെയാണ് ഒപ്റ്റിവർ തിരഞ്ഞെടുത്തത്.


ഹൈദരാബാദിൽ ജനിച്ച എഡ്വേർഡ് ബംഗളൂരുവിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജെഇഇ മെയിൻ പരീക്ഷയിൽ 1100-ാം റാങ്കും ജെഇഇ അഡ്വാൻസിൽ 558-ാം റാങ്കും നേടി. ക്യാറ്റ് പരീക്ഷയിൽ 99.96 പെർസെന്റൈലോടെ 120-ാം റാങ്കും എഡ്വേർഡ് കരസ്ഥമാക്കിയിട്ടുണ്ട്. തൊഴിൽ വിപണിയിലെ പ്രതിസന്ധികൾക്കിടയിലും ഐഐടി ടാഗും കോംപറ്റീറ്റീവ് പ്രോഗ്രാമിംഗിലെ മികവും തന്നെ ഈ നേട്ടത്തിലെത്താൻ സഹായിച്ചുവെന്ന് എഡ്വേർഡ് പറഞ്ഞു.




Feedback and suggestions