ജമ്മു കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടുന്നതിനുള്ള ദൗത്യവുമായി ഇന്ത്യന്‍ ആര്‍മി


28, December, 2025
Updated on 28, December, 2025 42


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടുന്നതിനുള്ള ദൗത്യവുമായി ഇന്ത്യന്‍ ആര്‍മി മുന്നോട്ട്. കഴിഞ്ഞ ഒരാഴ്ചയായി ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ ആര്‍മി നടത്തിവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജെയ്‌ഷെ മുഹമ്മദ് പ്രാദേശിക കമാൻഡർ സൈഫുള്ള, സഹായി ആദിൽ തുടങ്ങിയവര്‍ക്ക് വേണ്ടിയാണ് ആര്‍മി തിരച്ചില്‍ നടത്തുന്നത്. കിഷ്ത്വാറിലെ കുന്നുകളിൽ ഇരുവരും ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നു.ദോഡയിലെ കുന്നുകളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. കിഷ്ത്വാറിലെ ചത്രു സബ്ഡിവിഷനിലെ ഗ്രാമങ്ങളിൽ നിന്നാണ് സൈന്യം ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. പ്രദേശം മുഴുവന്‍ സൈന്യം അരിച്ചുപെറുക്കി.


ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള കിഷ്ത്വാറിലെ കെഷ്വാനിലും, ദോഡയിലെ സിയോജ്ധാറിലും സൈന്യം തിരച്ചിൽ നടത്തുന്നുണ്ട്. ചത്രൂ സബ്ഡിവിഷനിലും കഴിഞ്ഞ ഒരാഴ്ചയായി സൈന്യം ഓപ്പറേഷന്‍ നടത്തുന്നുണ്ട്. പ്രദേശം നന്നായി അറിയാവുന്ന നിരവധി ഗ്രാമീണരും സൈനികരെ സഹായിക്കുന്നുണ്ട്. രണ്ടായിരത്തിലധികം സൈനികര്‍ ദൗത്യത്തിന്റെ ഭാഗമാണ്.


ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ജഹിംഗീർ സരൂരി, പ്രാദേശിക ഭീകരരായ മുദ്ദാസിര്‍, റിയാസ് എന്നീ തീവ്രവാദികളുടെ കേന്ദ്രമായി അറിയപ്പെടുന്ന കിഷ്ത്വാറിലെ പാഡർ സബ്ഡിവിഷനിൽ ഒരു പ്രത്യേക ഓപ്പറേഷൻ നടത്തി.


മഞ്ഞിനെയും തോല്‍പ്പിക്കുന്ന മനക്കരുത്ത്‌

അതിശൈത്യത്തിനിടയിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സൈന്യം ശക്തമാക്കുകയാണ്. കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ‘ചില്ലൈ കലാന്‍’ സീസണാണ് ഇപ്പോള്‍ കശ്മീരില്‍. ഡിസംബര്‍ മുതല്‍ ജനുവരി വരെ നീണ്ടുനില്‍ക്കുന്ന ഈ സീസണില്‍ ആശയ വിനിമയ മാര്‍ഗങ്ങളിലടക്കം തടസം നേരിടുന്നുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമെങ്കിലും അതെല്ലാം അവഗണിച്ച് മുന്നോട്ടുപോവുകയാണ് സൈന്യം. മഞ്ഞുമൂടിയ പ്രദേശങ്ങളിൽ താൽക്കാലിക താവളങ്ങളും നിരീക്ഷണ പോസ്റ്റുകളും സൈന്യം സ്ഥാപിച്ചിട്ടുണ്ട്.




Feedback and suggestions