ദേശീയ തലസ്ഥാനത്തെ സാധാരണക്കാർക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും ആശ്വാസമേകി ഡൽഹി സർക്കാർ പുതിയ 'അടൽ കാന്റീൻ' പദ്ധതിക്ക് തുടക്കം കുറിച്ചു. വ്യാഴാഴ്ച ലാജ്പത് നഗറിലെ നെഹ്‌റു നഗറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറും ചേർന്ന് ആദ്യ കാന്റീൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തുടനീളം 100 കാന്റീനുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 45 കാന്റീനുകളാണ് പ്രവർത്തനം തുടങ്ങിയത്. ബാക്കിയുള്ള 55 കാന്റീനുകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സജ്ജമാകും. പദ്ധതിയുടെ നടത്തിപ്പിനായി 104.24 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
അടൽ കാന്റീൻ വഴി ഉച്ചയ്ക്കും രാത്രിയും ഭക്ഷണം ലഭ്യമാകും. ഉച്ചയ്ക്ക് 11:30 മുതൽ 2:00 വരെയും രാത്രി 6:30 മുതൽ 9:00 വരെയുമാണ് കാന്റീൻ പ്രവർത്തിക്കുക. ഒരു പ്ലേറ്റ് ഭക്ഷണത്തിന് വെറും അഞ്ച് രൂപ മാത്രമാണ് ഗുണഭോക്താവ് നൽകേണ്ടത്. ബാക്കി വരുന്ന 25 രൂപ സർക്കാർ സബ്‌സിഡിയായി നൽകും.
ദാൽ-ചോറ്, റോട്ടി, പച്ചക്കറികൾ എന്നിവയുൾപ്പെട്ട പോഷകസമൃദ്ധമായ മെനുവാണ് നിശ്ചയിച്ചിരിക്കുന്നത്. സൗജന്യമായി നൽകാതെ അഞ്ച് രൂപ ഈടാക്കുന്നത് ഗുണഭോക്താവിന്റെ അന്തസ്സ് സംരക്ഷിക്കാനും ഭക്ഷണത്തിന്റെ പാഴാക്കൽ ഒഴിവാക്കാനുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുണമേന്മയും സുരക്ഷയും
ഓരോ കാന്റീനിലും ദിവസേന ശരാശരി 1,000 പേർക്ക് ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. ആധുനിക അടുക്കളകൾ, എൽപിജി അധിഷ്ഠിത പാചക സംവിധാനങ്ങൾ, ഇൻഡസ്ട്രിയൽ ആർ.ഒ വാട്ടർ പ്ലാന്റുകൾ എന്നിവ കാന്റീനുകളിൽ ഒരുക്കിയിട്ടുണ്ട്.
ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ എഫ്എസ്എസ്എഐ (FSSAI) ലാബുകളിൽ കൃത്യമായ പരിശോധനകൾ നടത്തും. സിസിടിവി നിരീക്ഷണവും ഡിജിറ്റൽ ടോക്കൺ സംവിധാനവും വഴി കാന്റീനുകളുടെ പ്രവർത്തനം സുതാര്യമാക്കും. ഓരോ ഭക്ഷണപ്പൊതിയിലും ശരാശരി 700-800 കലോറിയും 20-25 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കും.
സേവനത്തിന്റെയും സദ്ഭരണത്തിന്റെയും പ്രതീകം
ഭാരത രത്ന അടൽ ബിഹാരി വാജ്‌പേയിയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതിയെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഡൽഹിയിൽ ഒരാൾ പോലും പട്ടിണി കിടക്കാൻ പാടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ നടപ്പിലാകുന്നത്.
ഈ പദ്ധതി വഴി ഏകദേശം 700 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. സുതാര്യമായ ടെൻഡർ നടപടികളിലൂടെ തിരഞ്ഞെടുത്ത 11 ഏജൻസികളെയാണ് കാന്റീനുകളുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്.