വിശ്വാസികൾക്കൊപ്പം ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കുചേർന്ന് പ്രധാനമന്ത്രി; സമാധാനവും കരുണയും നേർന്ന് സന്ദേശം


25, December, 2025
Updated on 25, December, 2025 14


ന്യൂഡൽഹി: ക്രിസ്മസ് ദിനമായ വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ കാത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ക്രൈസ്തവ സമൂഹത്തിലെ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കുചേർന്ന പ്രധാനമന്ത്രി, സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും സന്നിഹിതനായി. ഡൽഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ സ്വരൂപിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ചടങ്ങിൽ നടന്നു.


നേരത്തെ, ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസകൾ പ്രധാനമന്ത്രി നേർന്നു. “എല്ലാവർക്കും സന്തോഷവും സമാധാനവും കരുണയും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ,” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. സ്‌നേഹം, സേവനം, സാഹോദര്യം എന്നീ മൂല്യങ്ങൾ സമൂഹത്തിൽ പരസ്പര ബഹുമാനം വളർത്തുന്നതിൽ എത്രത്തോളം പ്രസക്തമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം തന്നെ ദീപാലങ്കാരങ്ങളാലും നക്ഷത്രങ്ങളാലും ക്രിസ്മസ് ആഘോഷ ലഹരിയിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പള്ളിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.






Feedback and suggestions