23, December, 2025
Updated on 23, December, 2025 11
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ പുതിയ ചരിത്രമെഴുതിക്കൊണ്ട് സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കി. ഒൻപത് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് റെക്കോർഡ് വേഗത്തിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. അടുത്ത 7-8 മാസത്തിനകം കരാർ ഒപ്പിടുകയും അടുത്ത വർഷത്തോടെ ഇത് പ്രാബല്യത്തിൽ വരികയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് കരാറിന് അന്തിമ രൂപമായത്.
കരാർ നിലവിൽ വരുന്ന ആദ്യ ദിവസം മുതൽ ഇന്ത്യയിൽ നിന്നുള്ള 8,284 ഉൽപ്പന്നങ്ങൾ തീരുവയില്ലാതെ ന്യൂസീലൻഡിലേക്ക് കയറ്റി അയക്കാം. നിലവിൽ ശരാശരി 2.2% മുതൽ 10% വരെ തീരുവ ചുമത്തിയിരുന്ന ഉൽപ്പന്നങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക. അതേസമയം, ന്യൂസീലൻഡിൽ നിന്നുള്ള 70.03% ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയും നികുതി ഇളവ് നൽകും.
ഇന്ത്യൻ കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി പാൽ ഉൽപ്പന്നങ്ങൾ, സവാള, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ, റബർ എന്നിവയ്ക്ക് ഇന്ത്യ ഇളവ് നൽകിയിട്ടില്ല. അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസീലൻഡിൽ നിന്ന് 2,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ഇന്ത്യയിലെത്തും. പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ തൊഴിൽ വിസ ലഭിക്കും. ഇതിൽ മെഡിക്കൽ, എൻജിനീയറിങ് മേഖലയിലുള്ളവർക്ക് പുറമെ 500 വിസകൾ യോഗ അധ്യാപകർ, ഷെഫുമാർ, ആയുർവേദ വിദഗ്ധർ എന്നിവർക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇനിമുതൽ ന്യൂസീലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 25 മണിക്കൂർ വരെ ജോലി ചെയ്യാം. പഠനശേഷം 2 മുതൽ 4 വർഷം വരെ അവിടെ ജോലി ചെയ്യാനുള്ള ‘പോസ്റ്റ് സ്റ്റഡി വർക്ക് വിസ’ സൗകര്യവും ലഭിക്കും. ഹ്രസ്വകാല ജോലികൾക്കായി ഓരോ വർഷവും 1,000 ഇന്ത്യക്കാർക്ക് പ്രത്യേക വിസയും അനുവദിക്കും. ആപ്പിൾ, കിവി കൃഷിയിൽ ഇന്ത്യൻ കർഷകർക്ക് ന്യൂസീലൻഡ് സാങ്കേതിക സഹായം നൽകും. ഇന്ത്യൻ മരുന്നുകൾക്ക് അധിക പരിശോധനകളില്ലാതെ ന്യൂസീലൻഡിൽ അനുമതി ലഭിക്കും.
ന്യൂസീലൻഡിനും ഇതിലൂടെ നേട്ടങ്ങൾ കൈവരും. ന്യൂസീലൻഡ് വൈൻ, ആപ്പിൾ, കിവി, തേൻ എന്നിവയ്ക്ക് നിശ്ചിത ക്വോട്ടയിൽ കുറഞ്ഞ തീരുവയിൽ ഇന്ത്യൻ വിപണിയിലെത്താം. വൈൻ വിലയിൽ വലിയ കുറവുണ്ടാകും. ന്യൂസീലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തടി ഉൽപ്പന്നങ്ങളിൽ 95 ശതമാനത്തിനും ആദ്യ ദിനം മുതൽ നികുതി ഒഴിവാകും. മത്സ്യം, ചെറിപ്പഴം, അവക്കാഡോ തുടങ്ങിയവയ്ക്ക് ഘട്ടം ഘട്ടമായി നികുതി ഒഴിവാക്കും. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും പുതിയ വാതിലുകൾ തുറക്കുന്നതാണ് ഈ കരാർ.