21, December, 2025
Updated on 21, December, 2025 46
ദിസ്പൂർ: അസമിലെ ഹോജൈ ജില്ലയിൽ ട്രെയിൻ ഇടിച്ച് ഏഴ് ആനകൾ ചരിഞ്ഞു. സൈരംഗ്–ന്യൂഡൽഹി രാജധാനി എക്‌സ്പ്രസാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തെ ഇടിച്ചത്. അപകടത്തിൽ ഒരു ആനക്കുട്ടിക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളംതെറ്റിയെങ്കിലും യാത്രക്കാർക്ക് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ട ഉടൻ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും ആനകൾ ട്രെയിനിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആനകളുടെ ശരീരാവശിഷ്ടങ്ങൾ ട്രാക്കിൽ ചിതറിക്കിടക്കുകയും ചെയ്തതിനെ തുടർന്ന് അപ്പർ അസമിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ട്രെയിനുകളിൽ ലഭ്യമായ സീറ്റുകളിൽ മാറ്റി യാത്ര തുടരാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അപകടം ആനത്താരകൾ ഇല്ലാത്ത പ്രദേശത്താണുണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.
ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. അപകടം നടന്ന ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മിസോറാമിലെ സൈരംഗിനെയും ഡൽഹിയിലെ ആനന്ദ് വിഹാറിനെയും ബന്ധിപ്പിക്കുന്ന ട്രെയിനാണ് സൈരംഗ്–ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ്. ഗുവാഹത്തി റെയില്‍വേ സ്റ്റേഷൻ റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ (0361- 2731621, 2731622, 2731623 ) പുറത്തുവിട്ടിട്ടുണ്ട്.