19, December, 2025
Updated on 19, December, 2025 12
ഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കാതലായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന വിക്സിത് ഭാരത് റാം ജി ബില്ല് കനത്ത പ്രതിഷേധങ്ങൾക്കിടയിൽ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ വോട്ടിംഗിലൂടെയാണ് ബില്ല് പാസാക്കിയത്. സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ വാക്പോരും ബഹളവും സഭാനടപടികളെ സാരമായി ബാധിച്ചു.
ബില്ലിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ ഈ ബില്ലും കേന്ദ്രസർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഖാർഗെ സംസാരിക്കുന്നതിനിടെ ‘റാം റാം’ വിളിച്ചും ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ഉയർത്തിയും ഭരണപക്ഷ അംഗങ്ങൾ തടസ്സമുണ്ടാക്കിയത് സഭയിൽ വലിയ ബഹളത്തിന് കാരണമായി.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണ് ഭേദഗതിയെന്നും പ്രതിപക്ഷം ഗാന്ധിജിയുടെ ആശയങ്ങളെ അവഹേളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തിയെന്നും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവും കുറ്റപ്പെടുത്തി.