വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കഴിയില്ല; വ്യോമയാന മന്ത്രി നിലപാട് കടുപ്പിച്ചു


13, December, 2025
Updated on 13, December, 2025 5


ഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് വർഷം മുഴുവനും സ്ഥിരമായ പരിധി ഏർപ്പെടുത്താൻ കഴിയില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി. പ്രധാനപ്പെട്ട ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നതിനെതിരെ യാത്രക്കാരിൽ നിന്നും ഉയരുന്ന ആശങ്കകൾക്കിടയിലാണ് മന്ത്രിയുടെ ഈ പ്രതികരണം.


സീസണുകൾക്കനുസരിച്ച് ടിക്കറ്റ് ഡിമാൻഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണയായി വർധിക്കാറുണ്ട്, ഇത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമാണെന്നും അതിനാൽ വർഷം മുഴുവനും വിമാന നിരക്കുകൾക്ക് പരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.




അതേസമയം, ടിക്കറ്റ് നിരക്കുകൾ ന്യായമായ പരിധിക്കുള്ളിൽ നിലനിർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ടിക്കറ്റുകൾക്ക് ഡിമാൻഡ് കൂടുന്ന തിരക്കേറിയ സമയങ്ങളിൽ വിമാന സർവീസുകൾ വർധിപ്പിക്കാൻ എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം വിമാനക്കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്.


രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് പ്രവർത്തന തടസ്സങ്ങളുണ്ടായതിനെ തുടർന്ന് രാജ്യത്തെ വിമാനടിക്കറ്റ് നിരക്കിൽ നിർബന്ധിത ഇളവ് വരുത്തേണ്ടിവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.




Feedback and suggestions