മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടിൽ അന്തരിച്ചു


12, December, 2025
Updated on 12, December, 2025 6



മുംബൈ : മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾ മൂലം ദീർഘകാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.




ലോക്‌സഭയുടെ മുൻ സ്പീക്കറായിരുന്ന അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. ലാത്തൂരിൽ നിന്ന് ഏഴ് തവണ വിജയിച്ച് ലോക്‌സഭയിലെത്തിയ ആളാണ് ശിവരാജ് പാട്ടീൽ.


1935 ഒക്ടോബർ 12ന് ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. ലാത്തൂരിൽ നിന്ന് 1972ൽ നിയമസഭയിലെത്തി.


മന്ത്രി, സ്പീക്കർ സ്ഥാനങ്ങൾ വഹിച്ചു. 1980ലാണ് ആദ്യമായി ലോക്സഭയിലെത്തിയത്. തുടർച്ചയായി ഏഴ് തവണ ലോക്സഭയിലെത്തി. 1989വരെ കേന്ദ്രമന്ത്രിയായിരുന്നു. 1991 മുതൽ 1996വരെ ലോക്സഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചു. അസുഖബാധിതനായതോടെ ദീർഘകാലമായി രാഷ്‌ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു




Feedback and suggestions