ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക്


7, December, 2025
Updated on 7, December, 2025 22


ഡൽഹി : യാത്രാവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക്. വിമാനക്കമ്പനിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയ കേന്ദ്രം, വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് അമിത നിരക്ക് ഈടാക്കിയ മറ്റ് വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നൽകി.


മറ്റ് എയർലൈനുകൾക്കും നോട്ടീസ്; നിരക്ക് നിയന്ത്രണം


ഇൻഡിഗോയുടെ പ്രതിസന്ധി കാരണം വിപണിയിൽ സീറ്റുകളുടെ കുറവ് ഉണ്ടായ സാഹചര്യത്തിൽ, മറ്റ് എയർലൈനുകൾ ടിക്കറ്റിന് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ, ദുരിതബാധിതമായ എല്ലാ റൂട്ടുകളിലും ന്യായമായ നിരക്കുകൾ ഉറപ്പാക്കുന്നതിനായി വിമാന നിരക്കുകൾക്ക് താൽക്കാലിക പരിധി ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് എല്ലാ എയർലൈനുകൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പരിധി എത്രയും പെട്ടെന്ന് നടപ്പിലാക്കാനും, വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.


ഇൻഡിഗോക്ക് കർശന നിർദ്ദേശം


വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ഇൻഡിഗോയ്ക്ക് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകിയിട്ടുണ്ട്. റദ്ദാക്കിയ എല്ലാ ടിക്കറ്റുകളുടെയും പണം ഇന്ന് രാത്രി 8 മണിക്ക് മുൻപ് തിരികെ നൽകാൻ മന്ത്രാലയം ഇൻഡിഗോയോട് നിർദ്ദേശിച്ചു. കൂടാതെ, യാത്രാ തടസ്സം നേരിട്ട യാത്രക്കാരിൽ നിന്ന് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുന്നതിന് യാതൊരു വിധ ഫീസും ഈടാക്കരുത് എന്നും കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.




Feedback and suggestions