6, December, 2025
Updated on 6, December, 2025 17
ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തില്‍ അല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതുവഴി തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ആരോപിച്ചത്.
താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ ആള്‍ തടഞ്ഞെന്നും ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി പ്രകാരമുളള കുറ്റകൃത്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്നമോ അര്‍ധനഗ്നമോ ആതോ ശൗചാലയം ഉപയോഗിക്കുന്നതോ ലൈംഗിക പ്രവൃത്തികള്‍ ചെയ്യുന്നതോ ചിത്രീകരിക്കുന്നതാണ് കുറ്റകരമാവുക എന്ന് കോടതി പറഞ്ഞു. അല്ലാത്ത സമയത്ത് അവരുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയോ വീഡിയോയോ പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കാണാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.