മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു


29, November, 2025
Updated on 29, November, 2025 44


കാൺപുർ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. കാൺപൂരിലെ വസതിയിൽ വെച്ച് ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് റീജൻസി ഹോസ്പിറ്റലിലെ കാർഡിയോളജി യൂണിറ്റിലേക്ക് മാറ്റിയെങ്കിലും രാത്രി 6:45-ഓടെ മരണം സ്ഥിരീകരിച്ചു.ശ്രീപ്രകാശ് ജയ്‌സ്വാളിന്റെ ഭൗതികശരീരം ഇന്ന് (ശനിയാഴ്ച) രാവിലെ കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം ഉച്ചയോടെ സംസ്കരിക്കും. രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിച്ചു. ശ്രീപ്രകാശ് ജയ്‌സ്വാളിന്റെ മരണം കോൺഗ്രസ് പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചിച്ചു.


ശ്രീപ്രകാശ് ജയ്‌സ്വാൾ ഒരു യഥാർത്ഥ വിശ്വസ്തനായ കോൺഗ്രസുകാരനായിരുന്നു എന്നും കാൺപുരിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചുവെന്നും ഖാർഗെ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ബിജെപി നേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.


 


ശ്രീപ്രകാശ് ജയ്‌സ്വാൾ – രാഷ്ട്രീയ ജീവിതം

 


1944 സെപ്റ്റംബർ 25 ന് കാൺപൂരിൽ ജനിച്ച ശ്രീപ്രകാശ് ജയ്‌സ്വാൾ,1989-ൽ കാൺപൂർ മേയറായാണ് പൊതുരംഗത്ത് പ്രവേശിച്ചത്. 1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ കാൺപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.


2004-2014 കാലയളവിൽ മൻമോഹൻ സിങ്‌ മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രിയായും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000 ഡിസംബർ മുതൽ 2002 ജൂലൈ വരെയായിരുന്നു ഈ കാലയളവ്. 2014ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷവും കാൺപുരിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ജയ്‌സ്വാൾ സജീവമായിരുന്നു.




Feedback and suggestions