ഹിന്ദി അടിച്ചേൽപ്പിച്ചാൽ ഭാഷാ യുദ്ധത്തിനും തമിഴ്‌നാട് തയ്യാർ': കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ


25, November, 2025
Updated on 25, November, 2025 8


ചെന്നൈ: കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിച്ചാൽ ഭാഷായുദ്ധത്തിന് തമിഴ്നാട് തയ്യാറാണെന്ന് ഡിഎംകെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഏതൊരു ശ്രമത്തെയും തമിഴ്നാട് ചെറുക്കുമെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഒരു ഭാഷായുദ്ധം തന്നെ നടത്താൻ സംസ്ഥാനം തയ്യാറാണെന്നും ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നമ്മുടെ ഭാഷ, സംസ്ഥാന അവകാശങ്ങൾ, ജനാധിപത്യം, ജനങ്ങളുടെ വോട്ടവകാശം എന്നിവ ഞങ്ങൾ എപ്പോഴും സംരക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്കൃതം 'മൃത ഭാഷ'യാണെന്ന പ്രസ്താവനക്ക് പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ ഭാഷാ യുദ്ധ പരാമര്‍ശം. സംസ്കൃതം 'മൃത ഭാഷ'യാണെന്ന പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. ഹിന്ദുക്കൾക്ക് നേരെയുള്ള അവഹേളനമെന്നായിരുന്നു ബിജെപിയുടെ ആരോപണം. തമിഴ് ഭാഷക്കായി 150 കോടി മാ​ത്രം അനുവദിച്ചപ്പോൾ കേന്ദ്രസർക്കാർ മൃത ഭാഷയായ സംസ്കൃതത്തിനായി 2,400 കോടിയാണ് നീക്കിവെച്ചതെന്നായിരുന്നു പരാമര്‍ശം.ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുവെന്നും ഉദയനിധി പറഞ്ഞു. നികുതി വരുമാനത്തിന്റെ അന്യായമായ വിഭജനം, ഫണ്ടുകളുടെ കാലതാമസം അല്ലെങ്കിൽ തടസ്സപ്പെടുത്തൽ, കേന്ദ്രീകൃത പദ്ധതികൾ, പുതിയ വിദ്യാഭ്യാസ നയം തുടങ്ങിയവ കാരണം തമിഴ്‌നാട് ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ഫെഡറലിസത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള ശക്തമായ ശബ്ദമായി ഡിഎംകെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.




Feedback and suggestions