25, November, 2025
Updated on 25, November, 2025 6
വാഷിംഗ്ടണ്‍: യുഎസില്‍ ഒബാമകെയറിനു കീഴിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സബ്‌സീഡി പദ്ധതി രണ്ടുവര്‍ഷത്തേയ്ക്കു കൂടി നീട്ടാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെന്നു സൂചന. ഇതിനായുള്ള കരട് ട്രംപ് ഭരണകൂടം തയാറാക്കിയതായാണ് അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട വാര്‍ത്ത വ്യക്തമാക്കുന്നത്.
അമേരിക്കയില്‍ അഫോര്‍ഡബിള്‍ കെയര്‍ ആക്ടിന് കീഴിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സബ്‌സിഡി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് ഇപ്പോഴുള്ള ഈ നീക്കം. നിലവിലുള്ള ഒബാമകെയര്‍ പദ്ധതിതുടരാനാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചിന്തിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരട് പദ്ധതി വൈറ്റ് ഹൗസ് തയ്യാറാക്കിയെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സബ്‌സീഡി നീട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം യുഎസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിനുപോലും ഇടയാക്കിയിരുന്നു.
സബ്‌സിഡി അവസാനിച്ചാല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും.ഒബാമകെയര്‍ സബ്‌സിഡി നീട്ടാതെ ഫെഡറല്‍ ഏജന്‍സികളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കുന്ന ധനവിനിയോഗ ബില്ലിനെ പിന്തുണയ്ക്കില്ലെന്നായിരുന്നു ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെ നിലപാട്. വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ നിലപാടെടുത്തതോടെ ഷട്ട്ഡൗണ്‍ 43 ദിവസം നീളുകയായിരുന്നു.
എന്നാ്ല്‍ സബ്‌സിഡി നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചാല്‍ മാത്രമേ ഇത് ഔദ്യോഗികമാകൂ എന്നും വൈറ്റ് ഹൗസ് അറിയിച്ചു. കരട് പദ്ധതി അനുസരിച്ച്, ഈ സബ്‌സിഡികള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ വരുമാനം ഫെഡറല്‍ ദാരിദ്ര്യരേഖയുടെ 700 ശതമാനം വരെയായിരിക്കും. കോവിഡ് കാലഘട്ടത്തില്‍ നടപ്പിലാക്കിയ താല്‍ക്കാലിക സഹായങ്ങള്‍ കാരണം, ഇടത്തരം വരുമാനക്കാരും ഉയര്‍ന്ന വരുമാനക്കാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.