ബിഹാർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച നിർണായക നീക്കത്തിൽ, മുഖ്യമന്ത്രി നിതീഷ് കുമാർ തൻ്റെ കയ്യിലുണ്ടായിരുന്ന സുപ്രധാന വകുപ്പുകൾ ബിജെപിക്ക് വിട്ടുനൽകിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നിതീഷ് കുമാർ സ്വയം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്ക് കൈമാറിയതാണ് ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചാവിഷയം. ഈ നീക്കം, ബിഹാറിലെ എൻഡിഎ സഖ്യത്തിൽ ബിജെപിയാണ് ‘ബിഗ് ബി’ എന്ന് നിതീഷ് കുമാർ അംഗീകരിക്കുന്നതിൻ്റെ വ്യക്തമായ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ആഭ്യന്തര വകുപ്പിൻ്റെ ചുമതല നിതീഷ് കുമാർ വിട്ടുകൊടുത്തത് ജെഡിയുവിൻ്റെ (JDU) പിടി അയഞ്ഞതിൻ്റെ സൂചനയായി കണക്കാക്കുന്നു. 2005 നവംബറിൽ മുഖ്യമന്ത്രിയായ ശേഷം, ഒരു ചെറിയ ഇടവേളയിൽ (2014 മെയ് മുതൽ 2015 ഫെബ്രുവരി വരെ, ജിതൻ റാം മാഞ്ചി മുഖ്യമന്ത്രിയായിരുന്നപ്പോൾ) ഒഴികെ ഈ സുപ്രധാന വകുപ്പ് നിതീഷ് കുമാർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഏറ്റവും കൂടുതൽ സീറ്റ് നേടിയ കക്ഷിയായ ബിജെപിക്ക് (89 സീറ്റ്) ഏറ്റവും നിർണായക വകുപ്പ് വിട്ടുനൽകിയതിലൂടെ, നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരാൻ വേണ്ടി ബിജെപിയുടെ ആധിപത്യം അംഗീകരിച്ചു എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ.
ആഭ്യന്തരം മാത്രമല്ല, സംസ്ഥാന ഭരണത്തിൻ്റെ ഗതി നിർണയിക്കുന്ന നിരവധി സുപ്രധാന വകുപ്പുകളാണ് ബിജെപി നേതാക്കൾക്ക് ലഭിച്ചിരിക്കുന്നത്.
മൈനർ വാട്ടർ റിസോഴ്‌സസ് (ഹിന്ദുസ്ഥാൻ അവാം മോർച്ച), പഞ്ചായത്തിരാജ് (രാഷ്ട്രീയ ലോക് മഞ്ച്), കരിമ്പ് വ്യവസായം (ലോക് ജനശക്തി പാർട്ടി) തുടങ്ങിയ വകുപ്പുകൾ മറ്റ് സഖ്യകക്ഷികൾക്കായി വീതിച്ചു നൽകിയിട്ടുണ്ട്.