ഡൽഹി: ഡൽഹി സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിൽ നിരവധി വാഹനങ്ങളാണ് കത്തിനശിച്ചത്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ റോഡിൽ ശരീരാവശിഷ്ടങ്ങൾ കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാറിനുള്ളിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, പൊട്ടിത്തെറിച്ച വാഹനം പുതിയ വാഹനമാണെന്ന സൂചനയുമുണ്ട്. പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി. 23 ൽ അധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.