ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി


7, November, 2025
Updated on 7, November, 2025 40


പട്ന: വാശിയേറിയ പ്രചാരണങ്ങൾക്ക് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഒടുവിലത്തെ കണക്കുകൾ പ്രകാരം 60.25 ശതമാനം പോളിങ് രേഖപ്പെടുത്തി.


ആദ്യ ഘട്ടത്തിൽ 1,314 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത് 3.75 കോടി വോട്ടർമാരാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയും കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മിലാണ് പോരാട്ടം.



ആകെയുള്ള 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് , സഹോദരൻ തേജ് പ്രതാപ് യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, അനന്ത് സിങ് എന്നിവർ ഇന്ന് മത്സരരംഗത്തുണ്ട്. സർക്കാരിലെ 16 മന്ത്രിമാരുടെ രാഷ്ട്രീയ ഭാവിയും ഈ ഘട്ടത്തിൽ തീരുമാനിക്കും. 3.75 കോടി വോട്ടർമാർക്കായി 45,341 പോളിങ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ട്, അതിൽ 10.72 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. എസ്ഐആർ പ്രകാരം ഏകദേശം മൂന്ന് കോടി ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.



അതേസമയം, പോളിങ് സ്റ്റേഷനുകളെല്ലാം തത്സമയ നിരീക്ഷണത്തിനായി വെബ്കാസ്റ്റിങ് നടത്തുന്നു. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ 121 ജനറൽ നിരീക്ഷകരെയും 18 പൊലീസ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്. പട്നയിലെ ചീഫ് ഇലക്റൽ ഓഫിസിൽ ഒരു പ്രത്യേക കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്, അവിടെ വോട്ടർമാർക്ക് ഹെൽപ്പ് ലൈനുകളിലൂടെയും ഇമെയിൽ വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം. പൊലീസിനെയും കേന്ദ്ര സായുധ അർദ്ധസൈനിക സേനയെയും വിന്യസിച്ചുകൊണ്ട് എല്ലാ പോളിങ് സ്റ്റേഷനുകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.


സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 926 ബൂത്തുകളും ദിവ്യാംഗ് (വികലാംഗർ) നിയന്ത്രിക്കുന്ന 107 ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, വോട്ടർമാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി 320 മോഡൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് പോളിങ് നടക്കുന്ന പ്രധാന ജില്ലകളിൽ പട്ന, വൈശാലി, നളന്ദ, ഭോജ്പൂർ, മുൻഗർ, സരൺ, സിവാൻ, ഗോപാൽഗഞ്ച്, മുസാഫർപൂർ എന്നിവ ഉൾപ്പെടുന്നു.



മോദി പ്രഭാവം, വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു എൻഡിഎയുടെ പ്രചാരണം. നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു എൻഡിഎയുടെ പ്രചാരണം.




തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് മുപ്പതിനായിരം രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയായിരുന്നു ഇന്ത്യാ സഖ്യം പ്രചാരണം നയിച്ചത്. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ഇനി രണ്ടാം ഘട്ടം 2025 നവംബർ 11 ന് നടക്കും, 243 സീറ്റുകളിലെയും വോട്ടെണ്ണൽ 2025 നവംബർ 14 ന് നടക്കും.




Feedback and suggestions