ഇന്ത്യൻ വനിതാ ടീം ഏകദിന ലോകകപ്പ് കിരീടം


3, November, 2025
Updated on 3, November, 2025 13


മുംബൈ: 140 കോടി ജനങ്ങളുടെ അഭിലാഷം നിറവേറ്റി ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് കിരീടം നേടി. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 52 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 246 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റെടുത്ത ദീപ്തി ശര്‍മയും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷഫാലി വര്‍മയുമാണ് ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കിയത്. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ ഏഴ് വിക്കറ്റിന് 298. ദക്ഷിണാഫ്രിക്ക-45.3 ഓവറില്‍ 246ന് ഓള്‍ ഔട്ട്.



ദക്ഷിണാഫ്രിക്കയുടെ ചേസിങ്

കരുതലോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ചേസിങ്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ലോറ വോള്‍വാര്‍ട്ടും, തസ്മിന്‍ ബ്രിട്ട്‌സും മികച്ച തുടക്കം നല്‍കി. 51 റണ്‍സാണ് ഈ പാര്‍ട്ണര്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത്. പത്താം ഓവറില്‍ ബ്രിട്ട്‌സിനെ ഡയറക്ട് ത്രോയിലൂടെ അമന്‍ജോത് കൗര്‍ പുറത്താക്കിയത് ഏറെ നിര്‍ണായകമായി.


തൊട്ടുപിന്നാലെ അന്നകെ ബോഷിനെ എന്‍ ചരണി പൂജ്യത്തിന് പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വോള്‍വാര്‍ട്ടും, സുനെ ലൂസും പ്രോട്ടീസിനായി രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരെയും പുറത്താക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായപ്പോള്‍ പാര്‍ട്ട് ടൈം ബൗളറായ ഷഫാലി വര്‍മയെ പന്തേല്‍പിക്കാന്‍ ഹര്‍മന്‍പ്രീത് കൗര്‍ തീരുമാനിച്ചതായിരുന്നു മത്സരത്തിലെ ടേണിങ് പോയിന്റ്. 31 പന്തില്‍ 25 റണ്‍സെടുത്ത ലൂസിനെയും, തുടര്‍ന്ന് ക്രീസിലെത്തിയ മരിസന്‍ കാപ്പിനെയും (അഞ്ച് പന്തില്‍ നാല്) പുറത്താക്കിയ ഷഫാലി ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍പ്രഹരങ്ങള്‍ നല്‍കി.


ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ഷഫാലിയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. അടുത്ത ഊഴം ദീപ്തി ശര്‍മയുടേതായിരുന്നു. ഷഫാലിയെ പോലെ ദീപ്തിയും ഓള്‍റൗണ്ട് മികവ് പുറത്തെടുത്തപ്പോള്‍ പ്രോട്ടീസ് വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 29 പന്തില്‍ 16 റണ്‍സെടുത്ത ജാഫ്ത ദീപ്തിയുടെ പന്തില്‍ രാധ യാദവിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.


ആനെറി ഡെർക്‌സെൻ നടത്തിയ ചെറുത്തുനില്‍പിനും ദീപ്തി ശര്‍മയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. 35 റണ്‍സെടുത്താണ് ആനെറി ഡെർക്‌സെൻ മടങ്ങിയത്. ദീപ്തി ശര്‍മ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിനെയും (98 പന്തില്‍ 101), എട്ട് പന്തില്‍ ഒമ്പത് റണ്‍സെടുത്ത ക്ലോയി ട്രയോണിനെയും ദീപ്തി പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക അപകടം മണുത്തു.


എന്നാല്‍ ഒമ്പതാമതായി ക്രീസിലെത്തിയ നദൈന്‍ ഡി ക്ലര്‍ക്ക് വമ്പനടികളുമായി കളം നിറഞ്ഞു. ഇതിനിടെ ഒരു റണ്‍സെടുത്ത അയബോങ്ക ഖാക്ക റണ്ണൗട്ടായി. ഒടുവില്‍ 19 പന്തില്‍ 18 റണ്‍സെടുത്ത ഡി ക്ലര്‍ക്കിനെ ദീപ്തി ശര്‍മ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി. അഞ്ച് വിക്കറ്റുകളാണ് ദീപ്തി പിഴുതത്. ഷഫാലി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ചരണി ഒരു വിക്കറ്റ് നേടി.


നന്ദി ഷഫാലി, ദീപ്തി !

ഷഫാലി വര്‍മയുടെയും, ദീപ്തി ശര്‍മയുടെയും ഓള്‍ റൗണ്ട് മികവാണ് ഇന്ത്യന്‍ വനിതകള്‍ക്ക് കന്നിക്കിരീടം സമ്മാനിച്ചത്. 78 പന്തില്‍ 87 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ 58 പന്തില്‍ 58 റണ്‍സെടുത്തു. സ്മൃതി മന്ദാന-45, ജെമിമ റോഡ്രിഗസ്-24, ഹര്‍മന്‍പ്രീത് കൗര്‍-20, അമന്‍ജോത് കൗര്‍-12, റിച്ച ഘോഷ്-34, രാധ യാദവ്-മൂന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സംഭാവന.




Feedback and suggestions