കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ്


30, October, 2025
Updated on 30, October, 2025 37


ന്യൂഡൽഹി: അടുത്ത വർഷം കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ്. ഇക്കാര്യം കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കുകയും സ്ഥാനാർഥിത്വത്തിനായുള്ള വടംവലി പാടില്ലെന്ന് നിർദേശിക്കുകയും ചെയ്തു.


കേരളത്തിലെ നേതാക്കൾക്കിടയിൽ ഏകോപനം വർധിപ്പിക്കാൻ ഉടൻ സംവിധാനം നിലവിൽ വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു.


പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർഥി നിർണയം വിജയസാധ്യത മാത്രം നോക്കിയാകും. ഇതിനായുള്ള മാനദണ്ഡം എഐസിസി തയ്യാറാക്കും.


കൂട്ടായ നേതൃത്വം എന്ന നിർദേശം കേരളത്തിൽ നടപ്പാകുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമർശനമുയർന്നു.




Feedback and suggestions