രാഷ്ട്രപതി കേരളത്തിലേക്ക്, 22ന് ശബരിമല സന്ദർശനം


15, October, 2025
Updated on 15, October, 2025 12


രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 21ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് ആണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. അന്ന് രാത്രി രാജ്ഭവനില്‍ താമസിക്കും. 22ന് രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലേക്കു പോകും. നിലയ്ക്കലില്‍നിന്നു റോഡ് മാര്‍ഗം പമ്പയില്‍ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനമായ ‘ഗൂർഖാ ഫോഴ്സി’ൽ ആയിരിക്കും സന്നിധാനത്തേക്ക് എത്തുന്നത്. 


22ന് ഉച്ചയ്ക്ക് 12.20നും 1 മണിക്കും ഇടയിലാണ് ദര്‍ശനം നടത്തുക. തുടര്‍ന്ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണവും വിശ്രമവും. തുടർന്ന് മൂന്ന് മണിയോടെ പ്രത്യേക വാഹനത്തില്‍ രാഷ്ട്രപതി പമ്പയിലേക്കു മടങ്ങും. തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്റ്റില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. അതേ ദിവസം സ്വകാര്യ ഹോട്ടലില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നിലും രാഷ്ട്രപതി പങ്കെടുക്കും. രാത്രി രാജ്ഭവനില്‍ തന്നെയാകും താമസിക്കുക. 



23ന് രാവിലെ രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്റില്‍ രാഷ്ട്രപതി ശിവഗിരിയില്‍ എത്തും. ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും. തുടര്‍ന്ന് വര്‍ക്കലയില്‍നിന്നു പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പാലായിലേക്കു പോകും



അന്ന് രാത്രി കോട്ടയം കുമരകത്തെ താജ് റിസോര്‍ട്ടിലാവും രാഷ്ട്രപതി താമസിക്കുക. 24ന് കോട്ടയത്തുനിന്ന് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തി സെന്റ് തെരേസാസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് മുളവുകാട്, ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ ഉച്ചഭക്ഷണവും വിശ്രമവും. 4 മണിക്കു ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും.


നേരത്തെ രാഷ്ട്രപതി ഭവനിൽനിന്ന് ശബരിമല സന്ദർശിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നുവെന്നും ഒക്ടോബറിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ചതായും ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇന്ത്യ-പാക് സംഘർഷം കാരണം യാത്ര റദ്ദാക്കിയിരുന്നു.




Feedback and suggestions