12, October, 2025
Updated on 12, October, 2025 13
![]() |
ന്യൂഡൽഹി: 17,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ അടുത്ത സഹായി അറസ്റ്റിൽ. റിലയൻസ് പവർ ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ.) അശോക് കുമാർ പാൽ ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തത്. 17,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇ.ഡി.യുടെ നടപടി.
25 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് അശോക് കുമാർ പാൽ. ഏഴുവർഷത്തിലധികമായി ഇദ്ദേഹം റിലയൻസ് പവറിലെ സി.എഫ്.ഒ.യാണ്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് കമ്പനികൾ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലും വായ്പാ തുക മറ്റ് കമ്പനികളിലേക്ക് ക്രമവിരുദ്ധമായി മാറ്റിയതിലുമാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്.
ഇ.ഡി.യുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത് 2017-ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റ് കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ്. വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതർക്കും കൈക്കൂലി നൽകിയതിനും തെളിവ് ലഭിച്ചിരുന്നു. യെസ് ബാങ്ക് വായ്പയ്ക്ക് അനുമതി നൽകിയതിൽ വലിയ പിഴവുകളുണ്ടായതായും ഇ.ഡി. പറയുന്നു. ഇതിനുപിന്നാലെയാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസും സമാനരീതിയിൽ 14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതായും ഇ.ഡി. കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പലതവണകളായി ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.