ഇന്ന് ഒക്ടോബർ 8, ഇന്ത്യൻ വ്യോമസേന ദിനം. രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്ന ധീരരായ വ്യോമയോദ്ധാക്കളുടെ ധൈര്യത്തിനും അർപ്പണബോധത്തിനും സേവനത്തിനും ആദരവ് അർപ്പിക്കുന്ന സുപ്രധാന ദിവസമാണിത്. ഈ വർഷം ഇന്ത്യൻ വ്യോമസേനായുടെ 93ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് നിരവധി പരിപാടികൾ നടത്തുന്നുണ്ട്. ‘ഭാരതീയ വായു സേന: സാക്ഷാം സശക്തം ആത്മനിർഭർ’ എന്ന തീമിലാണ് ഇത്തവണത്തെ പരിപാടികൾ. ഇന്ത്യൻ വ്യോമസേന കഴിവുള്ളതും ശക്തവും സ്വയംപര്യാപ്തത എന്നതാണ് ഇതിന്റെ അർത്ഥം.
ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായ ഓപ്പറേഷൻ സിന്ദൂരിൽ സേന നടത്തിയ പ്രവർത്തനങ്ങളുടെ പങ്കിനെ കേന്ദ്രികരിച്ചായിരിക്കും ഈ വർഷത്തെ പരിപാടി. കൂടാതെ സേനയുടെ പുതിയ വിമാനങ്ങൾ, മിസൈൽ സംവിധാനങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടാകുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ വ്യോമസേന ദിനം – ചരിത്രം
ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ, 1932 ഒക്ടോബർ 8-നാണ് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത്. അന്ന് ഇത് ‘റോയൽ എയർഫോഴ്‌സിന്റെ’ ഒരു സഹായ സേനയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം, 1950-ൽ ഇന്ത്യ ഒരു റിപ്പബ്ലിക് ആയതോടെ, ‘റോയൽ’ എന്ന പദവി ഒഴിവാക്കി, ഇന്ത്യൻ വ്യോമസേന എന്ന പേര് സ്വീകരിച്ചു. തുടക്കത്തിൽ വെറും നാല് വെസ്റ്റ്‌ലാൻഡ് വാപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും മാത്രമായിരുന്നു സേനയിൽ ഉണ്ടായിരുന്നത്. ഇന്ന്, ലോകത്തിലെ ഏറ്റവും വലുതും സാങ്കേതികമായി മുന്നിട്ട് നിൽക്കുന്നതുമായ വ്യോമസേനകളിൽ നാലാം സ്ഥാനമാണ് ഇന്ത്യൻ വ്യോമസേനക്കുള്ളത്.
ഇന്ത്യൻ വ്യോമസേന പ്രാധാന്യം
ഇന്ത്യൻ വ്യോമസേനാ ദിനം ആഘോഷിക്കുന്നതിലൂടെ, രാജ്യസുരക്ഷയിലും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ഇന്ത്യൻ വ്യോമസേന വഹിക്കുന്ന നിർണായക പങ്ക് എടുത്തു കാണിക്കുന്നു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരർക്കും നിലവിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കും ആദരവ് നൽകുന്നു.
ഈ ദിവസം, യുദ്ധവിമാനങ്ങളുടെയും അത്യാധുനിക ഉപകരണങ്ങളുടെയും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുന്നു. ഇത് രാജ്യത്തിന്റെ പ്രതിരോധശേഷി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു. 1947-48, 1965, 1971, കാർഗിൽ യുദ്ധങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന സംഘർഷങ്ങളിലും ഇന്ത്യൻ വ്യോമസേനയുടെ പങ്ക് നിർണായകമായിരുന്നു. കൂടാതെ പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിലും വ്യോമസേനയുടെ പ്രവർത്തനങ്ങൾ സ്തുത്യാർഹമാണ്.