ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് നിർമ്മിച്ച് ഇന്ത്യ


7, October, 2025
Updated on 7, October, 2025 49


ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനഗതാഗതയോഗ്യമായ (മോട്ടോറബിൾ) റോഡ് നിർമ്മിച്ച് ഇന്ത്യ. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) നിർമ്മിച്ച മിഗ് ലാ ചുരത്തിലൂടെയുള്ള റോഡാണ് ലോകത്തിലെ ഏറ്റവും ഉയരം ഉയരംകൂടിയ വാഹനഗതാഗതയോഗ്യമായ റോഡ്. 19,400 അടി (5,913 മീറ്റർ) ഉയരത്തിലാണ് മിഗ് ലാ ചുരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തന്നെ ഉംലിംഗ് ലായിലെ റോഡായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനഗതാഗതയോഗ്യമായ റോഡ്. 2021-ൽ നിർമ്മിച്ച ഉംലിംഗ് ലായിലെ റോഡ് സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും നിന്നും19,024 അടി ഉയരത്തിലാണ്. പ്രോജക്ട് ഹിമാങ്ക് എന്ന പേരിലാണ് മിഗ് ലായിലെ റോഡ് നിർമ്മാണം നടത്തിയത്.


ലികാരു-മിഗ് ലാ-ഫുക്ചെ പാതയുടെ ഭാഗമായ ഈ റോഡ്, യഥാർഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപമുള്ള ഹാൻലെ പ്രദേശത്തെ ഫുക്ചെ ഗ്രാമവുമായി ബന്ധിപ്പിക്കുന്നു. പ്രോജക്റ്റ് ഹിമാങ്കിന് കീഴിൽ ബ്രിഗേഡിയർ വിശാൽ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്. നിർമാണം പൂർത്തിയായതിൻ്റെ ഭാഗമായി, ചുരത്തിൽ ഇന്ത്യൻ ദേശീയ പതാകയും ബിആർഒയുടെ പതാകയും സംഘം ഉയർത്തി.


ALSO READ: പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണം; 2025 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം മൂന്ന് പേർക്ക്


19,400 അടി ഉയരത്തിലുള്ള മിഗ് ലാ ചുരത്തിന് നേപ്പാളിലെ എവറസ്റ്റ് കൊടുമുടിയുടെ സൗത്ത് ബേസ് ക്യാമ്പിനെക്കാളും (17,598 അടി) ടിബറ്റിലെ നോർത്ത് ബേസ് ക്യാമ്പിനെക്കാളും (16,900 അടി) ഉയരമുണ്ട്. ഇതിന് മുൻപ് റെക്കോർഡ് കൈവശം വെച്ചിരുന്ന ഉംലിങ് ലായുടെ ഉയരം 19,024 അടിയാണ്. നിർമാണത്തിലെ വെല്ലുവിളിയും അതിർത്തിയിലെ ജനങ്ങൾക്കുള്ള ഇതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യൻ സൈന്യം എക്സിലെ ഒരു പോസ്റ്റിൽ നേട്ടം എടുത്തുപറഞ്ഞു.


ഇത്രയും ഉയരത്തിൽ ഒരു റോഡ് നിർമിക്കുന്നത് സാധാരണ കാര്യമല്ല. താപനില പൂജ്യത്തിനും താഴേക്ക് പോവുകയും, ഓക്സിജന്റെ അളവ് സമുദ്രനിരപ്പിലുള്ളതിൻ്റെ പകുതിയായി കുറയുകയും ചെയ്യുന്ന ഇവിടം ഉറപ്പില്ലാത്ത മണ്ണും മഞ്ഞുകാറ്റും നിറഞ്ഞതാണ്. സാങ്കേതികവും ശാരീരികവുമായ പ്രതിബന്ധങ്ങളെ മറികടന്ന്, മഞ്ഞുവീഴ്ചയെയും പ്രവചനാതീതമായ കാലാവസ്ഥയെയും അതിജീവിച്ചാണ് എൻജിനീയർമാർ ഈ പാത പൂർത്തിയാക്കിയത്.




കഠിനമായ ശൈത്യകാലത്ത് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന ഹാൻലെയിലെയും ഫുക്ചെയിലെയും താമസക്കാർക്ക് പുതിയ റോഡ് ജീവിതം എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിആർഒ അറിയിച്ചു. ഈ പാത വർഷം മുഴുവനുമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താനും യാത്രാസമയം കുറയ്ക്കാനും അവശ്യസാധനങ്ങളുടെ നീക്കം സുഗമമാക്കാനും സഹായിക്കും.




Feedback and suggestions