സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു നേരെ കോടതിമുറിയിൽ ഷൂ എറിയാൻ ശ്രമം


6, October, 2025
Updated on 6, October, 2025 24


ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. രാവിലെ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ്ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. ഇയാളെ പൊലീസിന് കൈമാറി. തൻ്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും അഭിഭാഷകൻ പ്രതികരിച്ചു.


മുൻപ് ഒരു കേസ് പരിഗണിക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങളാണ് ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ബജാറാവുവിലെ ഏഴടി ഉയരമുള്ള വിഷ്ണുവിന്‍റെ വിഗ്രഹം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരു കേസ് കോടതിക്ക് മുമ്പില്‍ എത്തിയിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ നിങ്ങളുടെ ദൈവത്തോട് പറയു എന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസിൻ്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങൾ അന്ന് ഉയർന്നിരുന്നു.




Feedback and suggestions