കട്ടക്കിൽ സമുദായ സംഘർഷം രൂക്ഷമാവുന്നു


6, October, 2025
Updated on 6, October, 2025 22


ഒഡീഷ : കട്ടക്കിൽ സമുദായ സംഘർഷം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം നടന്ന ദുർഗാ പൂജ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഒഡീഷയിലെ കട്ടക്കിൽ സമുദായ സംഘർഷമുണ്ടായത്. സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇവിടെ ഇൻ്റർനെറ്റ് വിഛേദിച്ചിരിക്കുകയാണ്. 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുമുണ്ട്.



ദർഗാ ബസാർ ഏരിയയിലൂടെ റാലി കടന്നുപോകുമ്പോൾ ഉയർന്ന ശബ്ദത്തിലുള്ള സംഗീതം ഉപയോഗിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. പോലീസ് ഭാഷ്യമനുസരിച്ച് ഈ മാസം 4, ശനിയാഴ്ച അർദ്ധരാത്രി 1.30നും രണ്ടിനും ഇടയിലാണ് സംഘർഷമുണ്ടായത്. ദുർഗ വിഗ്രഹം ഒഴുക്കാനുള്ള റാലിക്കിടെ രാത്രി ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കാൻ പാടില്ലെന്ന ആവശ്യവുമായി ചിലർ ഇടപെടുകയായിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. കട്ടക് ഡെപ്യൂട്ടി കമ്മീഷണർ ഖിലാരി ഋഷികേഷിനടക്കം പരിക്കേറ്റു. ലാത്തിചാർജ് നടത്തി പോലീസ് ആളുകളെ പിരിച്ചുവിടുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.




ഒക്ടോബർ അഞ്ച്, ഞായറാഴ്ച അധികൃതരുടെ നിയന്ത്രണങ്ങൾ ലംഘിച്ച് വിശ്വ ഹിന്ദു പരിഷത് നടത്തിയ ബൈക്ക് റാലിയോടെ പ്രശ്നം വീണ്ടും വഷളായി. നേരത്തെ പ്രശ്നമുണ്ടായ ദർഗബസാറിലൂടെയാണ് ബൈക്ക് റാലി കടന്നുപോയത്. ഇവർ കടന്നുപോയ വഴികളിലെ സിസിടിവി നശിപ്പിക്കുകയും കടകൾക്ക് തീവെക്കുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് ഇവരെയും പിരിച്ചുവിട്ടത്. ഇതോടെ കട്ടക്ക് മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള സ്ഥലങ്ങളിലെ ഇൻ്റർനെൻ്റ് വിഛേദിക്കുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണി വരെയാണ് ഇൻ്റർനെറ്റ് നിരോധനം. ഇതിനിടെ കട്ടക്കിൽ വിഎച്ച്പി 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. സമാധാനപരമായി ദുർഗാവിഗ്രഹം ഒഴുക്കാൻ അധികൃതർ സൗകര്യമൊരുക്കിയില്ല എന്ന് ആരോപിച്ച് ഒക്ടോബർ ആറിനാണ് ബന്ദ് നടക്കുക. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഇവിടെ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ബന്ധ് ആഹ്വാനം.




Feedback and suggestions