തുച്ഛമായ പെൻഷൻ വാങ്ങുന്ന ഇന്ത്യയിലെ രാജകുടുംബാംഗങ്ങൾ


6, October, 2025
Updated on 6, October, 2025 24


ഉത്തർപ്രദേശിലെ ഹുസൈനാബാദിൽ, 90 വയസ്സുള്ള ഫയാസ് അലി ഖാൻ വിറയാർന്ന കൈകളോടെ, നഗരത്തിന്റെ രാജകീയ അവശിഷ്ടമായ ‘പിക്ചർ ഗാലറി’യിലേക്ക് നടന്നു നീങ്ങുന്നത് വെറുമൊരു കാഴ്ചയല്ല, അതൊരു ചരിത്രത്തിന്റെ തുടർച്ചയാണ്. അദ്ദേഹം വന്നിരിക്കുന്നത് തന്റെ ‘വാസിക’ അഥവാ രാജകീയ പെൻഷൻ വാങ്ങാനാണ്.


പേർഷ്യൻ ഭാഷയിൽ ‘രേഖാമൂലമുള്ള കരാർ’ എന്ന് അർത്ഥം വരുന്ന വാസിക, 1856-ൽ ബ്രിട്ടീഷുകാർ പിടിച്ചടക്കുന്നതുവരെ നവാബുമാർ ഭരിച്ചിരുന്ന മുൻ അവധ് രാജ്യത്തിന്റെ ഭരണാധികാരികളുടെ പിൻഗാമികൾക്കും കൂട്ടാളികൾക്കും നൽകുന്ന പെൻഷനാണ്. ഇന്ത്യയിൽ രാജവാഴ്ച അവസാനിക്കുകയും മുൻ രാജകുടുംബാംഗങ്ങൾക്ക് ‘പ്രിവി പേഴ്‌സ്’ പോലുള്ള പ്രത്യേക പേയ്‌മെന്റുകൾ ഇല്ലാതാകുകയും ചെയ്‌തെങ്കിലും, ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഈ കുടുംബങ്ങൾക്ക് ചില പെൻഷൻ ക്രമീകരണങ്ങൾ ഇന്നും തുടരുന്നു.


വെറും ₹9.70; ഒരു യുഗത്തിന്റെ ഓർമ്മ


വാസികയുടെ ഇന്നത്തെ തുക കേട്ടാൽ ആരും അമ്പരന്നുപോകും. ഫയാസ് അലി ഖാന് പ്രതിമാസം ലഭിക്കുന്നത് വെറും ഒൻപത് രൂപയും 70 പൈസയും മാത്രമാണ് . തുക തുച്ഛമായതിനാൽ അദ്ദേഹം വർഷത്തിലൊരിക്കലാണ് ഇത് ശേഖരിക്കാൻ വരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇത് പണമല്ല, അഭിമാനമാണ്. ഒരുകാലത്ത് സമ്പന്നമായിരുന്ന രാജകീയ ഭൂതകാലവുമായുള്ള അവരുടെ അവസാനത്തെ ജീവിക്കുന്ന കണ്ണി. “ഒരു പൈസ കിട്ടിയാൽ പോലും അത് വാങ്ങാൻ ഞങ്ങൾ ആയിരം രൂപ ചെലവഴിക്കും,” അദ്ദേഹത്തിന്റെ മകൻ ഷിക്കോ ആസാദ് പറയുന്നു. ഇന്ന് ‘വാസികേദാർമാർ’ എന്നറിയപ്പെടുന്ന ഏകദേശം 1,200 പേർ ഈ പെൻഷൻ വാങ്ങാൻ എത്തുന്നുണ്ട്.


അവധ് രാജകുടുംബത്തിലെ പിൻഗാമികൾക്ക് വാശിക ലഭിച്ച 1,200 പേരിൽ ഫയാസ് അലി ഖാനും ഉൾപ്പെടുന്നു

എങ്ങനെ തുടങ്ങി ഈ ‘വാസിക’?


ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് വ്യാപാര സ്ഥാപനമായിരുന്ന സമയത്ത്, അവധ് രാജകുടുംബത്തിലെ ചിലർ പലിശ പെൻഷനായി ലഭിക്കണമെന്ന വ്യവസ്ഥയിൽ കമ്പനിക്ക് പണം കടം നൽകിയതോടെയാണ് വാസിക സമ്പ്രദായം ആരംഭിച്ചത്. ഈ വായ്പകൾ ശാശ്വതമായിരുന്നു; അതായത് കമ്പനിക്ക് ഒരിക്കലും മൂലധനം തിരികെ നൽകേണ്ടി വന്നിരുന്നില്ല.


1817-ൽ അവധിലെ നവാബ് ഷുജാ-ഉദ്-ദൗളയുടെ ഭാര്യയായ ബാഹു ബീഗം, ബന്ധുക്കൾക്ക് പെൻഷൻ നൽകണമെന്ന വ്യവസ്ഥയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് 40 ദശലക്ഷം രൂപ നൽകിയതോടെയാണ് വാസിക വിതരണം ആരംഭിച്ചത്. ഇന്ന്, ബാഹു ബീഗം കടം കൊടുത്ത പണത്തിന്റെ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിച്ചതിന്റെ പലിശയിൽ നിന്നാണ് പെൻഷൻ നൽകുന്നത്.


മൂല്യം ചോർന്നപ്പോൾ നഷ്ടപ്പെട്ട പ്രൗഢി


എന്നാൽ ഈ പെൻഷൻ തുക ഓരോ തലമുറയിലും കുറഞ്ഞുവരുന്നു. ഒരാൾക്ക് 100 രൂപ ലഭിക്കുകയും രണ്ട് കുട്ടികളുണ്ടാകുകയും ചെയ്താൽ, അവരുടെ മരണശേഷം പെൻഷൻ പകുതിയായി കുറയും. കാലക്രമേണ പിൻഗാമികൾ വർധിച്ചതോടെ, വിഹിതം കൂടുതൽ ചെറുതായി. അതേസമയം പെൻഷൻ തുക നിലവിലുള്ള പലിശ നിരക്കുകൾക്ക് അനുസരിച്ച് വർധിപ്പിക്കണമെന്ന് പല ഗുണഭോക്താക്കളും ആവശ്യപ്പെടുന്നുണ്ട്. “ഒമ്പത് രൂപ 70 പൈസ വാങ്ങാൻ വേണ്ടി മാത്രം 500 രൂപ പെട്രോളിന് ചെലവഴിക്കുന്നത് നിർഭാഗ്യകരമാണ്,” എന്ന് ഫയാസ് അലി ഖാന്റെ മകൻ പറയുന്നു. തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ പദ്ധതിയുണ്ടെന്ന് ഗുണഭോക്താവ് കൂടിയായ അഭിഭാഷകൻ ഷാഹിദ് അലി ഖാൻ അറിയിച്ചു.



പെൻഷൻ വാങ്ങാൻ ഫയാസ് അലി ഖാൻ്റെ മകൻ 

പണമൂല്യം മാത്രമല്ല, വാസിക ശേഖരിക്കുന്നതിന്റെ പ്രൗഢിയും മങ്ങി. ഒരു കാലത്ത് കുതിരവണ്ടികളിലും കർട്ടനിട്ട വാഹനങ്ങളിലും ആളുകൾ എത്തിയിരുന്ന ഒരു ഉത്സവം പോലെയായിരുന്നു ഈ പെൻഷൻ വിതരണമെന്ന് പഴമക്കാർ ഓർക്കുന്നു. ഇന്ന്, ഈ ആചാരം “അവധിലെ നവാബുമാരുടെ കാലം മുതൽ ആരംഭിച്ചതാണ്” എന്നും ഫ്യൂഡൽ പദവിയുടെ അവശിഷ്ടങ്ങളല്ല, ചരിത്രപരമായ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമാണ് വാസികയെന്നും പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.




Feedback and suggestions