Prime Minister Narendra Modi’s 75th birthday; two-week ‘Seva Pakhwada’ celebrated
17, September, 2025
Updated on 17, September, 2025 34
![]() |
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റംബർ 17 ബുധനാഴ്ച 75-ാം പിറന്നാൾ. ഗുജറാത്തിലെ മെഹ്‌സാനയിൽ 1950 സെപ്റ്റംബർ 17-നാണ് അദ്ദേഹം ജനിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾക്ക് ബി.ജെ.പി.യും കേന്ദ്രസർക്കാരും ബുധനാഴ്ച തുടക്കമിടും. പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യത്തെ പി.എം. മിത്ര ടെക്‌സ്‌റ്റൈൽ പാർക്കിന് തറക്കല്ലിടും.
മോദിയുടെ പിറന്നാളിന്റെ ഭാഗമായി ബി.ജെ.പി. നേതൃത്വത്തിൽ ബുധനാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് രാജ്യമെമ്പാടും ‘സേവാ പഖ്‌വാഡ’ (സേവന പക്ഷാചരണം) ആചരിക്കും. പ്രധാനമന്ത്രി മധ്യപ്രദേശിൽ ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടികളിൽ രക്തദാന, ആരോഗ്യ ക്യാമ്പുകൾ, ശുചിത്വ ദൗത്യങ്ങൾ, പരിസ്ഥിതി ബോധവത്കരണം, പ്രദർശനങ്ങൾ, സംവാദ പരിപാടികൾ, ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തൺ’, കായികമേളകൾ, ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
രാഷ്ട്രീയത്തിന്റെ യഥാർത്ഥ ലക്ഷ്യം സേവനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി, പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ‘ചലോ ജീത്തേ ഹേൻ’ എന്ന ഹ്രസ്വചിത്രം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രദർശിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു. ഇതിനായി വലിയ സ്‌ക്രീനുകളുള്ള 243 വാനുകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ 75-ാം പിറന്നാൾ ‘സേവന പക്ഷാചരണ’മായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പട്‌നയിലെ ഗാന്ധി മൈതാനത്തുനിന്ന് ഈ ‘സേവാ രഥ’ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത വിവരം ബിഹാർ ബി.ജെ.പി. അവരുടെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ചു.
“വരും ദിവസങ്ങളിൽ ഈ രഥങ്ങൾ ബിഹാറിലെ ഓരോ ഗ്രാമത്തിലും ഓരോ തെരുവിലും ഓരോ പ്രദേശത്തും എത്തിച്ചേരും. രാഷ്ട്രീയത്തിന്റെ യഥാർത്ഥ ലക്ഷ്യം കേവലം അധികാരമല്ല, മറിച്ച് സമൂഹത്തിനുള്ള സേവനവും, ഏറ്റവും താഴെത്തട്ടിലുള്ള വ്യക്തിയിലേക്കുപോലും വികസനം എത്തിക്കലുമാണെന്ന് ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും,” ബി.ജെ.പി.യുടെ എക്സ് പോസ്റ്റിൽ പറയുന്നു. മോദി തന്റെ കുട്ടിക്കാലം ചെലവഴിച്ച ഗുജറാത്തിലെ വഡ്‌നഗറിലുള്ള, നരേന്ദ്രൻ അഥവാ നാരു എന്ന ബാലന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ഹ്രസ്വചിത്രം.
എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി തുടങ്ങിയ നേതാക്കൾക്ക് 75 വയസ്സ് പൂർത്തിയായപ്പോൾ അവരെ വിശ്രമിക്കാൻ നിർദേശിച്ച പാർട്ടി നയം മോദി സ്വയം നടപ്പാക്കുമോ എന്ന ചോദ്യം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്. ഈ നയത്തിൽ മോദിക്ക് ബി.ജെ.പി. ഇളവ് നൽകുമോ എന്നും, 2029-ലെ പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം പാർട്ടിയെ നയിക്കുമോ എന്നുമുള്ള സ്ഥിരീകരണത്തിന് ഈ സാഹചര്യം വഴിതുറക്കാം. എന്നാൽ, അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെ നേതൃത്വം നൽകണമെന്ന പൊതുവികാരം പാർട്ടിയിൽ ശക്തമാണ്.