സ്കൂളുകളിൽ ഫീസ് അടക്കൽ ഇനി യു.പി.ഐ വഴി; പുതിയ നീക്കവുമായി കേന്ദ്രം


15, October, 2025
Updated on 15, October, 2025 12


ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യു.പി.ഐ(യുനിഫൈഡ് പേമന്‍റ്സ് ഇന്‍റർഫേസ്) സംവിധാനം കൊണ്ടുവരാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മേഖലയെ ആധുനികവൽക്കരിക്കുക,സുതാര്യമാക്കുക എന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ്, പരീക്ഷാ ഫീസ് മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം ഡിജിറ്റൽ പേമന്‍റ് സംവിധാനത്തിലേക്ക് മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.പി.ഐ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മന്ത്രാലയം കത്തയച്ചിട്ടുണ്ട്. സ്കൂളുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഭരണപരമായ പ്രക്രിയകൾ ആധുനികവൽക്കരിക്കുന്നതിന്‍റെയും സുഗമമാക്കുന്നതിന്‍റെയും ഭാഗമായാണിത് നടപ്പിലാക്കുന്നത്. സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൽ ആക്കുന്നതിന്‍റെ പ്രാധാന്യം കത്തിൽ എടുത്തു കാണിക്കുന്നു. സ്കൂളുകളിലെ ഭരണപരമായ പ്രക്രിയകൾ ലളിതമാക്കുന്നതും ഇത് രക്ഷിതാക്കൾക്കും കൂടുതൽ ആശ്വാസകരമാകുമെന്നാണ് വുലയിരുത്തൽ. എൻ.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ, കെ.വി.എസ്, എൻ.വി.എസ് എന്നിവയുൾപ്പെടെ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളോടും ഈ സംവിധാനത്തിലേക്ക് മാറാൻ മന്ത്രാലയം ആവശ്യപ്പെടുന്നു. ഡിജിറ്റൽ പേമന്‍റുകളിലേക്ക് മാറുന്നത് മാതാപിതാക്കൾക്ക് കൂടുതൽ സൗകര്യമാണെന്ന് കത്തിൽ പറയുന്നു. ഇതോടെ മാതാപിതാക്കൾക്ക് ഫീസ് അടക്കുന്നതിനായി സ്കൂളുകൾ സന്ദർശിക്കേണ്ടി വരില്ല. കൂടാതെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഉണ്ടാകുന്നത് കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം പറയുന്നു.




Feedback and suggestions