16, October, 2025
Updated on 16, October, 2025 18
ചെന്നൈ : സംസ്ഥാനത്ത് ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ ബിൽ സഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്നതാണ് ഈ നിയമനിർമ്മാണത്തിന്റെ ലക്ഷ്യം.
ഹിന്ദി അടിച്ചേൽപ്പിക്കപ്പെടുന്നതിനെതിരെ ഡി എം കെ. ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭാഷ അടിച്ചേൽപ്പിക്കുന്നില്ലെങ്കിൽ ഹിന്ദിയെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു ഭാഷ തമിഴരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നാണ് സ്റ്റാലിന്റെ നിലപാട്.
ത്രിഭാഷാ ഫോർമുലയുടെ പേരിൽ ആദ്യം ഹിന്ദിയും പിന്നീട് സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിർക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ സംസ്ഥാനത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചിട്ടുണ്ട്. ബി ജെ പി. ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ‘വഞ്ചിക്കുകയാണെന്ന്’ ആരോപിച്ച സ്റ്റാലിൻ, തമിഴ് ഭാഷയെയും ജനങ്ങളെയും സംരക്ഷിക്കാൻ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പ്രതിജ്ഞയെടുത്തു.
ഈ വർഷം ആദ്യം സംസ്ഥാന ബജറ്റിന്റെ ലോഗോയായി ഔദ്യോഗിക ഇന്ത്യൻ രൂപയുടെ ചിഹ്നമായ ‘₹’ മാറ്റി തമിഴ് അക്ഷരമായ ‘ரூ’ ഉപയോഗിച്ചത് തമിഴ്നാട് സർക്കാർ പ്രാദേശിക ഭാഷക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. ഔദ്യോഗിക ആശയവിനിമയങ്ങളിലും രേഖകളിലും പ്രാദേശിക ഭാഷകളുടെ ഉപയോഗം തർക്കവിഷയമായിരുന്ന സമയത്താണ് ഈ നീക്കം വന്നത്.