Ministerial committees panels to frame reforms under Vikasit Bharat 2047
21, August, 2025
Updated on 21, August, 2025 45
![]() |
വികസിത് ഭാരത് 2047 ലക്ഷ്യമിട്ട് മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ രൂപീകരിച്ച് കേന്ദ്രസർക്കാർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനാണ് അനൗപചാര സമിതികൾ. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സമിതികളെ നയിക്കും.
ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ പാനലിലുള്ളത്. രാജ്‌നാഥ് സിംഗിന്റെ പാനലിൽ മന്ത്രി നിതിൻ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തൊഴിൽ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവർ ഉൾപ്പെടെ 18 പേരാണുള്ളത്. മൂന്ന് മാസത്തിനുള്ളിൽ ഏകീകൃത പരിഷ്കരണങ്ങളുടെ മാർഗരേഖ സമർപ്പിക്കാനാണ് സമിതികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ ദീർഘകാല കാഴ്ചപ്പാടാണ് ‘വികസിത ഭാരത് @2047’.സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, പരിസ്ഥിതിക സുസ്ഥിരത, നല്ല ഭരണം തുടങ്ങിയ വികസനത്തിന്റെ വിവിധ മേഖലകൾ ഈ ദർശനം ഉൾക്കൊള്ളുന്നു. രാജ്യത്തിന്റെ സമഗ്ര പുരോഗതിയും, ഓരോ പൗരന്റെയും ജീവിത നിലവാരത്തിന്റെ ഉയർച്ചയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയുടെ മുഖ്യ ആശയം. ‘വികസിത ഭാരത് @2047’ ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്. ഓരോ സംസ്ഥാനവും വികസിക്കുമ്പോൾ ഭാരതവും വികസിക്കും. ഇത് 140 കോടി പൗരന്മാരുടെ അഭിലാഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.