Duleep Trophy: Shubman Gill to lead North Zone
7, August, 2025
Updated on 7, August, 2025 31
![]() |
ദുലീപ് ട്രോഫിയിൽ നോർത്ത് സോൺ ടീമിന്റെ ക്യാപ്റ്റനാകാൻ ശുഭ്മാൻ ഗിൽ. ബെംഗളൂരുവിൽ ഓഗസ്റ്റ് 28-നാണ് ദുലീപ് ട്രോഫി ആരംഭിക്കുക. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ എന്ന രീതിയിലും, ബാറ്റ്സ്മാൻ എന്ന രീതിയിലും തകർപ്പൻ പ്രകടനാമായിരുന്നു ഗിൽ കാഴ്ച്ചവെച്ചത്. ക്യാപ്റ്റൻസി മികവിൽ പരമ്പര 2-2 ൽ അവസാനിപ്പിക്കുകയും, നാല് സെഞ്ചുറികളോടെ 754 റൺസ് നേടിക്കൊണ്ട് ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിലൂടെ ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അൻഷുൽ കാംബോജ് അടക്കമുള്ള 15 അംഗ സംഘമാണ് ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ കളത്തിൽ ഇറങ്ങുക. കാംബോജിന് പുറമെ ടെസ്റ്റ് ടീമിൽ ഇടം പിടിച്ചിരുന്ന അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരും നോർത്ത് സോൺ ടീമിൽ ഉൾപ്പെടുന്നു. അതേസമയം, സെപ്റ്റംബർ 9 മുതൽ യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങൾക്കായി ഗില്ലിനെ ഇന്ത്യയുടെ ടി20 ടീമിൽ ഉൾപ്പെടുത്തിയാൽ ഗില്ലിന് പകരക്കാരനായി ശുഭം രോഹില്ല ടീമിൽ എത്തും.
ഇന്ത്യൻ ബൗളെർമാരായ അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരും ഏഷ്യ കപ്പിനായി ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയാണെങ്കിൽ ഗുർനൂർ ബ്രാറും, അനുജ് താക്കറലും ടീമിലെത്തും. ഈ വർഷം സോണൽ ഫോർമാറ്റിലേക്ക് തിരിച്ചെത്തുന്ന ദുലീപ് ട്രോഫി സെപ്റ്റംബർ പതിനഞ്ചോടെ അവസാനിക്കും.
ശുഭ്മാൻ ഗിൽ നയിക്കുന്ന നോർത്ത് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി അങ്കിത് കുമാർ എത്തും. ശുഭം ഖജൂറിയ, ആയുഷ് ബദോനി, യഷ് ധുൽ, അങ്കിത് കൽസി, നിശാന്ത് സിന്ധു, സാഹിൽ ലോത്ര, മായങ്ക് ദാഗർ,യുധ്വീർ സിംഗ് ചരക്, അർഷ്ദീപ് സിങ്, ഹർഷിത് റാണ, അൻഷുൽ കാംബോജ്, ഔഖിബ് നബി, കനയ്യ വാധവാൻ എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.