Sister Preeti Mary’s family about the Nuns arrest
28, July, 2025
Updated on 28, July, 2025 16
![]() |
ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വേദനിപ്പിക്കുന്നതെന്നും വിഷയം ഉത്കണ്ഠയോടെ നോക്കിക്കാണുന്നുവെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്ത്രീക്ക് നേരെയുണ്ടായ ഈ സംഭവം സങ്കടത്തോടെ നോക്കിക്കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി
മിനിഞ്ഞാന്ന് എട്ടുമണിയോടെയാണ് സംഭവം അറിയുന്നതെന്നും കുടുംബം പറഞ്ഞു. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്നും കുടുംബം പ്രതികരിച്ചു. കേരളത്തില് ഇത് അറിഞ്ഞപ്പോള്‍ തന്നെ നമ്മുടെ എംഎല്‍എ, എംപി. ബ്ലോക്ക് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് എല്ലാവരും തങ്ങളെ പിന്തുണച്ചുവെന്നും കുടുംബം വ്യക്തമാക്കി. നമുക്ക് നടക്കാന്‍ പറ്റാത്ത ഒരു അവസ്ഥയായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം വേണം. ഇന്ന് എന്റെ ചേച്ചിക്കാണെങ്കില്‍ നാളെ ആര്‍ക്കുവേണമെങ്കിലും ഇങ്ങനെ സംഭവിക്കാം. ഒരിക്കലും ഇങ്ങനെ പാടില്ല – പ്രീതി മേരിയുടെ സഹോദരി പറഞ്ഞു
ഇന്ന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കിട്ടിയില്ലെങ്കില് ഇതിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കുടുംബം വ്യക്തമാക്കി. ഒരാള്‍ക്കും ഒരിക്കലും ഇനി ഇങ്ങനെ വരാന്‍ പാടില്ല. ചെയ്യാത്ത കുറ്റത്തിനാണ് നടപടി. നമ്മുടെ നാട്ടിലാണെങ്കില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല – കുടുംബം വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പി മാര്‍ പ്രതിഷേധിക്കും. പ്രതിപക്ഷം വിഷയം പാര്‍ലമെന്റിലും ഉന്നയിക്കും. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്നും, സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. കന്യാസ്ത്രീകള്‍ക്കായി ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും.