തൊഴിലുടമകള്‍ക്കും, തൊഴിലാളികള്‍ക്കും സുവര്‍ണാവസരം: ഇഎസ്‌ഐ പരിരക്ഷ ലഭിക്കാന്‍ സ്പ്രീ പദ്ധതി

ESIC Launches SPREE to Expand Coverage
27, July, 2025
Updated on 27, July, 2025 12

ESIC Launches SPREE to Expand Coverage

ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്യാത്ത തൊഴിലുടമകള്‍ക്കും, തൊഴിലാളികള്‍ക്കും സുവര്‍ണാവസരവുമായി ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ‘SPREE’ (സ്‌കീം റ്റു പ്രമോട്ട് രജിസ്‌ട്രേഷന്‍ ഓഫ് എംപ്ലോയേഴ്‌സ്/ എംപ്ലോയീസ്) പദ്ധതി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇഎസ്‌ഐ നിയമപ്രകാരമുള്ള ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ‘ SPREE ‘ പദ്ധതിയുടെ കാലാവധി.

രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും – കരാര്‍, താത്കാലിക തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ പരിശോധനകളോ മുന്‍കാല കുടിശ്ശികകളുടെ പരിഗണനയോ ഇല്ലാതെ രജിസ്റ്റര്‍ ചെയ്യാന്‍ ഒറ്റത്തവണകൂടി അവസരം നല്‍കും. തൊഴിലുടമകള്‍ക്ക് ഇഎസ്‌ഐസി പോര്‍ട്ടല്‍, ശ്രം സുവിധ, എംസിഎ പോര്‍ട്ടല്‍ എന്നിവവഴി സ്വന്തം യൂണിറ്റുകളെയും ജീവനക്കാരെയും ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യാനാവും. തൊഴിലുടമ പ്രഖ്യാപിച്ച തീയതി മുതല്‍ രജിസ്‌ട്രേഷന്‍ സാധുവായി കണക്കാക്കും. രജിസ്‌ട്രേഷന് മുന്‍പുള്ള കാലയളവുകള്‍ക്ക് സംഭാവനയോ വിഹിതമോ ആനുകൂല്യമോ ബാധകമാവില്ല. ആ കാലയളവിനായി പരിശോധന നടത്തുകയോ പഴയ രേഖകള്‍ ആവശ്യപ്പെടുകയോ ചെയ്യില്ല. രജിസ്‌ട്രേഷന്‍ പ്രക്രിയ ലഘൂകരിച്ചിരിക്കുന്നു എന്നതാണ് പദ്ധതിയുടെ മറ്റൊരു ഗുണവശം.

മുന്‍പ് നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് നിയമനടപടികള്‍ ഉണ്ടാകുമായിരുന്നു. മുന്‍കാല കുടിശ്ശികകള്‍ തീര്‍പ്പാക്കാനും കോര്‍പ്പറേഷന്‍ ആവശ്യപ്പെടുമായിരുന്നു. മുന്‍കാല കുടിശ്ശികയുള്ളവര്‍ ഈ പദ്ധതിപ്രകാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ വര്‍ഷം എന്റോള്‍ചെയ്യുന്ന തീയതി മുതലുള്ള തുക മാത്രം അടച്ചാല്‍ മതിയാവും.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ തൊഴിലുടമകളും, തൊഴിലാളികളും കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ESIC ബ്രാഞ്ച് ഓഫിസുകളിലോ അല്ലെങ്കില്‍ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ESIC സബ്റീജിയണല്‍ ഓഫിസുമായോ ബന്ധപ്പെടാന്‍ ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.



Feedback and suggestions

Related news