ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, വടകര സ്വദേശിനി ഷിംജിത മുസ്തഫ (28) റിമാൻഡിൽ. ദീപക്കിന്റെ (42) മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
പിടികൂടിയത് വടകരയിൽ നിന്ന്: സംഭവം വിവാദമായതോടെ ഒളിവിലായിരുന്ന ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മംഗലാപുരത്തേക്കോ വിദേശത്തേക്കോ കടക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾക്കിടെയാണ് പോലീസ് വടകരയിൽ വെച്ച് പിടികൂടിയത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് മഞ്ചേരി ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് ഗോവിന്ദപുരം സ്വദേശിയായ ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂരിലേക്കുള്ള യാത്രക്കിടെ ബസിൽ വെച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നാരോപിച്ച് ഷിംജിത ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെ ദീപക്കിനെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.