21, January, 2026
Updated on 21, January, 2026 14
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്‌ട് ടു വര്‍ക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.
തൊഴില്‍ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമുള്ള സാമ്പത്തിക കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വര്‍ഷക്കാലം ധനസഹായമായി ലഭിക്കും.
പ്ലസ് ടു/വിഎച്ച്‌എസ്‌ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമാണ് ആനുകൂല്യത്തിന് അര്‍ഹത. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ eemployment.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.