പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും


21, January, 2026
Updated on 21, January, 2026 12


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും. അതിഗംഭീരമായ പരിപാടികളോടെ പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ലഭിച്ചതിന് ശേഷമുള്ള വരവിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. വമ്പന്‍ റോഡ് ഷോയോടെ ആയിരിക്കും മോദിയെ സ്വീകരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് പുത്തരിക്കണ്ടം മൈതാനിയിലേക്ക് പ്രധാനമന്ത്രി എത്തിച്ചേരും. അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ എത്തുമെന്ന് ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റും മോദി മേയര്‍ക്ക് കൈമാറും.


2030 വരെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് നടപ്പാക്കണമെന്ന് വ്യക്തമാക്കുന്ന ബ്ലൂപ്രിന്റാണ് മോദി അവതരിപ്പിക്കാന്‍ പോകുന്നത്. രാവിലെ 10 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പ്രധാനമന്ത്രിയെ റോഡ് ഷോയോടെ ആയിരിക്കും അണികള്‍ വേദിയിലേക്ക് എത്തിക്കുന്നത്. ശേഷം ആദ്യം പുത്തരിക്കണ്ടത്ത് റെയില്‍വേയുടെ ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനുമാണ് പ്രധാനമന്ത്രി അന്നേ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്യുക.

റെയില്‍വേയുടെ പരിപാടിക്ക് ശേഷമാണ് ബിജെപി പൊതുസമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇവിടെ വെച്ചാണ് തിരുവനന്തപുരത്തിന്റെ വികസന ബ്ലൂപ്രിന്റ് അദ്ദേഹം കൈമാറുന്നത്. നേരത്തെ അമിത് ഷാ കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മിഷന്‍ 2026 എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു.




Feedback and suggestions