പണം ഇരട്ടിപ്പിക്കാന്‍ ശക്തിയുണ്ടെന്ന് തട്ടിപ്പ് സന്ന്യാസി; മുംബൈയില്‍ അഭിഭാഷകന് നഷ്ടമായത് 20 ലക്ഷം രൂപ

Mumbai Lawyer lost ₹20 Lakh In Black Magic Scam
25, July, 2025
Updated on 25, July, 2025 29

Mumbai Lawyer lost ₹20 Lakh In Black Magic Scam

പൂജയിലൂടെ പണം ഇരട്ടിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തു വ്യാജ സന്യാസി പണം തട്ടി. മുംബൈയില്‍ ഒരു അഭിഭാഷകനാണ് 20 ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പ് സന്യാസിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. (Mumbai Lawyer lost ₹20 Lakh In Black Magic Scam)

മീരാ റോഡില്‍ താമസിക്കുന്ന ധര്‍മവീര്‍ ത്രിപാഠി എന്ന അഭിഭാഷകനാണ് പൂജയിലൂടെ പണം ഇരട്ടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാശിയില്‍ വച്ച് ഒരു സന്യാസിയെ പരിചയപ്പെട്ടിരുന്നു. ഇയാള്‍ വഴിയാണ് പ്രേം സിംഗ് എന്ന വ്യാജ സന്യാസിയെ പരിചയപ്പെടുന്നത്. 42 കാരനായ പ്രേം സിംഗ് നിരന്തരം ഉപദേശങ്ങള്‍ നല്‍കി വരികയായിരുന്നു. അതിനിടയാണ് തനിക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അഭിഭാഷകനെ വിശ്വസിപ്പിച്ചത്. അത്യാഗ്രഹം മൂത്ത അഭിഭാഷകന്‍ 20 ലക്ഷം രൂപ ബാഗില്‍ ആക്കി കുടുംബസമേതം പൂജയ്ക്കായി ഇറങ്ങിത്തിരിച്ചു.

നവീ മുംബൈയിലെ ബേലാപൂരിലെ ഒരു ഫ്‌ലാറ്റിലേക്ക് ആണ് അഭിഭാഷകനെ തട്ടിപ്പുകാരന്‍ വിളിച്ചുവരുത്തിയത്. പണം ദൈവങ്ങളുടെ ഫോട്ടോയ്ക്ക് മുന്നില്‍ വച്ചശേഷം ഫ്‌ലാറ്റിലെ കിടപ്പുമുറിയിലേക്ക് അഭിഭാഷകനെയും ഭാര്യയെയും മകനെയും മാറ്റി. 15 മിനിറ്റ് പൂജാകര്‍മ്മം നീണ്ടുനില്‍ക്കുമെന്നും അതുവരെ മന്ത്രോച്ചാരണം നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സമയം കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോള്‍ പൂജ നടന്ന സ്ഥലത്ത് പണവുമില്ല സന്യാസിയും ഇല്ല. ഇരട്ടിപ്പിക്കാന്‍ വെച്ച 20 ലക്ഷവുമായി തട്ടിപ്പുകാരന്‍ കടന്നു. അഭിഭാഷകന്റെ പരാതിയില്‍ സന്യാസിക്കെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ കൂട്ടാളി എന്ന് സംശയിക്കുന്ന ഫ്‌ലാറ്റ് ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.





Feedback and suggestions