NH-66 collapse in Kerala: National Highways Authority’s report to be submitted to the High Court today
23, May, 2025
Updated on 30, May, 2025 12
![]() |
മലപ്പുറം കൂരിയാട് പണിനടന്നുവരുന്ന ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് തേടിയത്. റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്നും ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും എന്‍എച്ച്എഐ അറിയിച്ചിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
സംഭവത്തില്‍ രണ്ടംഗ വിദഗ്ധസമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു. കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ ഡീ ബാര്‍ ചെയ്തു. കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഡീബാര്‍ ചെയ്തതിനെ തുടര്‍ന്ന് തുടര്‍ കരാറുകളില്‍ ഇനി പങ്കെടുക്കാന്‍ ആകില്ല. കമ്പനിയുടെ രണ്ടു ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ മൂന്നം സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു ഐഐടി വിദഗ്ധര്‍ ഉള്‍പ്പെടെ അടങ്ങുന്നതാണ് സമിതി.
പ്രത്യേക അന്വേഷണ സമിതി കേരളത്തില്‍ എത്തി പരിശോധന നടത്തും. അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ദേശീയപാതയിലെ അപാകതയില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുണ്ട്. വീഴ്ചവരുത്തിയ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച കാര്യം കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ തുടര്‍നിര്‍മ്മാണം അനന്തമായി നീണ്ടുപോകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം . ഒപ്പം പരാതികളുള്ള മറ്റു സ്ഥലങ്ങളില്‍ കൃത്യമായ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പ് വരുത്തണം എന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.