28, February, 2026
Updated on 28, February, 2026 5
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. താൻ പുതുയുഗ യാത്രയുടെ ഭാഗമാവില്ലെന്നും അത്തരം ചിന്തകളൊന്നും വന്നിട്ടില്ലെന്നുമായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം. താൻ കമ്മ്യൂണിസ്റ്റ് ചിന്തകള്‍ ഉള്ളില്‍ പേറുന്ന വ്യക്തിയാണെന്നും അത് എക്കാലവും തന്റെ ഉള്ളില്‍ ഉണ്ടാകുമെന്നുമാണ് പ്രേം കുമാർ പറയുന്നത്.അതേസമയം കോണ്‍ഗ്രസ് തനിക്ക് അസ്പൃശ്യത ഉള്ള പ്രസ്ഥാനമല്ലെന്നും, തനിക്ക് കോണ്‍ഗ്രസ് പശ്ചാത്തലം ഉണ്ടെന്ന കാര്യം വസ്തുതയാണെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നാല് വർഷത്തോളം മികച്ച രീതിയില്‍ പ്രവർത്തിച്ചിട്ടും തന്നെ പുറത്താക്കുമ്പോള്‍ സഹപ്രവർത്തകരോട് ഒരു നന്ദിവാക്ക് പറയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.നാട്ടിലെ ഒരു പരിപാടിക്ക് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി വന്നിരുന്നു. ആ പരിപാടി പോലും തന്നെ അറിയിച്ചിരുന്നില്ല. കൊച്ചിയില്‍ നടത്തിയ സാംസ്‌കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കുകയോ അറിയിക്കുകയോ ചെയ്തില്ല. അറിയിക്കരുതെന്ന് നിർദേശമുണ്ടോ എന്നത് അറിയില്ലെന്നും പ്രേം കുമാർ പറഞ്ഞു.