26, February, 2026
Updated on 26, February, 2026 10
കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രിയുടെ കഴുത്തിന് നേരിയ ക്ഷതമുണ്ടെന്നും ഇതിന്റെ ഫലമായി വലതുകൈയ്ക്ക് മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇടതുകൈയ്ക്കും നേരിയ തോതിൽ ക്ഷതമേറ്റിട്ടുണ്ട്.
മന്ത്രിയുടെ കഴുത്തിനേറ്റ പരുക്കിന്റെ വേദന കൈയിലേക്ക് കൂടി വ്യാപിച്ചുവെന്നും ബി പി ഹൈലെവലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ന്യൂറോ സർജ്ജൻ അടങ്ങുന്ന വിദഗ്ധ സംഘം രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു.പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ എം.ആർ.ഐ സ്കാനിംഗിൽ ആന്തരികമായി ഗുരുതരമായ പ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് രാവിലെ എട്ടു മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. പത്തു മണിയോടെ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാനാണ് തീരുമാനം.അതേസമയം, മന്ത്രിയെ പ്രതിഷേധക്കാർ ശാരീരികമായി കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആർ.പി.എഫ് (RPF) വിശദമായി പരിശോധിച്ചെങ്കിലും അക്രമം നടന്നതായി പറയുന്ന കൃത്യമായ ദൃശ്യങ്ങൾ കണ്ടെത്താനായില്ല.ഇന്നലെ വൈകിട്ട് കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഞ്ചര മണിക്കൂറോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് മന്ത്രിയെ രാത്രി പത്തു മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പ്രതിഷേധക്കാർ മന്ത്രിയുടെ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു എന്ന ഗൺമാന്റെ പരാതിയിലാണ് നിലവിൽ വധശ്രമത്തിന് കേസ് എടുത്തിരിക്കുന്നത്.