C. Sadanandan Master nominated to Rajya Sabha
13, July, 2025
Updated on 13, July, 2025 21
![]() |
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, പ്രശസ്ത ചരിത്രകാരിയും അക്കാദമിക് വിദഗ്ധയുമായ മീനാക്ഷി ജെയിന്‍ എന്നിവരേയും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.
സദാനന്ദന്‍ മാസ്റ്റര്‍ 2016ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്. അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും വികസിത കേരളം എന്ന ബിജെപി മുദ്രാവാക്യത്തിന് കൂടുതല്‍ അംഗീകാരം നേടുന്നതിനുമുള്ള ഉപാധി എന്ന നിലയ്ക്കാണ് താന്‍ ഈ നിര്‍ദേശത്തെ സ്വീകരിക്കുന്നതെന്ന് സി സദാനനന്ദന്‍ മാസ്റ്റര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തെ സംബന്ധിച്ച് വലിയ പ്രതീക്ഷകളാണ് പാര്‍ട്ടി വച്ചുപുലര്‍ത്തുന്നത്. ആ പ്രതീക്ഷ സഫലീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഈ നിര്‍ദേശം പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയും. കേരളത്തിനുള്ള അംഗീകാരം കൂടിയാണിത്. രാഷ്ട്രീയ പാര്‍ട്ടി എന്നുള്ള നിലയില്‍ കേരളത്തോട് പ്രത്യേകമായ താത്പര്യവും ശ്രദ്ധയും കരുതലും ബിജെപിയുടെ കേന്ദ്ര നേതൃത്വം എപ്പോഴും പുലര്‍ത്തിയിട്ടുണ്ട്. ഇവിടെ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയിക്കുന്നില്ല എന്നതിനപ്പുറത്ത് അതൊരു വലിയ വിഷയമായിക്കണ്ട് ഒരു തടസമായി കാണാതെ, കേരളത്തിലെ ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്തുകൊണ്ട് കേരളത്തിന് നന്മ ചെയ്യണം എന്ന താത്പര്യത്തോടെയാണ് നയസമീപനങ്ങള്‍ രൂപപ്പെടുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍. ഇത്തരമൊരു നിര്‍ദേശം പ്രതീക്ഷിച്ചിരുന്നില്ല, രണ്ട് ദിവസം മുന്‍പ് മോദിജി നേരിട്ട് വിളിച്ചിരുന്നു. പാര്‍ട്ടി ഒരു ചുമതല ഏല്‍പ്പിക്കാന്‍ പോവുകയാണ്. ഏറ്റെടുക്കണം എന്ന് എന്നോട് സംസാരിച്ചു. പക്ഷേ എന്താണ് എന്നുള്ളത് ഇന്ന് രാവിലെയാണ് അറിഞ്ഞത് – അദ്ദേഹം പറഞ്ഞു.