My dream is to make a film out of the novel Velpari: Shankar
12, July, 2025
Updated on 12, July, 2025 17
![]() |
ഏറെ ജനപ്രീതി നേടിയ തമിഴ് നോവൽ ‘വേൽപാരി’ സിനിമയാക്കുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ. എസ്. വെങ്കടേശൻ എഴുതിയ ‘വീരയുഗ നായകൻ വേൽപാരി’ എന്ന നോവലിന്റെ പ്രതിപാദ്യം ചേര, ചോഴ, പാണ്ട്യ കാലഘട്ടത്തിലെ തമിഴകത്തിലെ കടെയ് എഴു വളളൽകൾ എന്ന് പേരുള്ള 7 രാജാക്കന്മാരിലൊരാളായ വേൽപാരിയുടെ സംഭവബഹുലമായ കഥയാണ്.
വേൽപാരി നോവൽ ഒരു ലക്ഷം കോപ്പികൾ വിട്ടതിനോടനുബന്ധിച്ചു പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിലാണ് നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരത്തെക്കുറിച്ച് ശങ്കർ വാചാലനായത്. “മുൻപ് എന്തിരൻ ആയിരുന്നു എന്റെ സ്വപ്നം, എന്നാൽ ഇപ്പോഴത് വേൽപാരിയാണ്. ആഗ്രഹിക്കുന്നത് പോലെ ചിത്രമെടുക്കാൻ ആയാൽ അത് തീർച്ചയായും അവതാർ ഗെയിം ഓഫ് ത്രോൺസ് പോലെ ആഗോള നിലവാരത്തിലുള്ളതായിരിക്കും” ശങ്കർ പറയുന്നു.
ശങ്കർ നോവൽ സിനിമയാക്കുന്നുവെന്ന വാർത്ത വർഷങ്ങളായി കേൾക്കുന്നതാണെന്ന് മാത്രമല്ല കേന്ദ്ര കഥാപാത്രമായി ചിയാൻ വിക്രത്തെ കാസ്റ്റ് ചെയ്യുമെന്നും സൂര്യയെ കാസ്റ്റ് ചെയ്യുമെന്നുമെല്ലാം ഇന്സൈഡ് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത് സൂപ്പർ സ്റ്റാർ രജിനികാന്തായിരുന്നു.
നോവലിന്റെ കടുത്ത ആരാധകനായ രജനികാന്ത് പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പോലും വേൽപാരിയെക്കുറിച്ച് വാചാലനായിരുന്നു. കഴിഞ്ഞ വർഷം താൻ അടുത്തിടെ കണ്ട ചില ചിത്രങ്ങളിൽ നോവലിലെ ചില പ്രധാന രംഗങ്ങൾ കോപ്പി അടിച്ചിരിക്കുന്നതെയായി ശ്രദ്ധിച്ചിരുന്നുവെന്നും നോവലിന്റെ ആവിഷ്‌ക്കാര അവകാശം തനിക്കായതിനാൽ ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കില്ല എന്നും ശങ്കർ എക്‌സിൽ കുറിച്ചിരുന്നു.