കേരള സര്‍വകലാശാലയില്‍ പ്രതിസന്ധി ഒഴിയുന്നില്ല; സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി

The crisis at Kerala University
12, July, 2025
Updated on 12, July, 2025 23

The crisis at Kerala University

കേരള സര്‍വകലാശാലയില്‍ ഫയലുകള്‍ നിയന്ത്രണത്തിലാക്കാനുള്ള വൈസ് ചാന്‍സലറുടെ നീക്കത്തിന് തിരിച്ചടി. വൈസ് ചാന്‍സിലറുടെ നിര്‍ദേശം അംഗീകരിക്കാതെ ഇ-ഫയലിംഗ് പ്രൊവൈഡേഴ്‌സ്. സൂപ്പര്‍ അഡ്മിന്‍ ആക്‌സസ്, വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി. ഡിജിറ്റല്‍ ഫയലിംഗ് പൂര്‍ണമായി തന്റെ നിയന്ത്രണത്തില്‍ വേണമെന്ന ആവശ്യമാണ് വിസി ഉയര്‍ത്തുന്നത്. സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട കെല്‍ട്രോണിന്റെ അനുമതി വേണമെന്ന് കമ്പനി പറയുന്നു.

കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ് അനില്‍ കുമാറിന് തന്നെ ഫയലുകള്‍ അയക്കുമെന്ന തീരുമാനത്തിലേക്കായിരുന്നു പ്രൊവൈഡര്‍മാര്‍ എത്തിയിരുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് നേരിട്ട് അയക്കണമെന്ന് മോഹനന്‍ കുന്നുമ്മേല്‍ വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നേരിട്ട് സര്‍വീസ് പ്രൊവൈഡര്‍മാരെ വിസി ബന്ധപ്പെട്ടു. എന്നാല്‍ ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട ജോലി കെല്‍ട്രോണാണ് തങ്ങളെ ഏല്‍പ്പിച്ചത്, അതുകൊണ്ടുതന്നെ കെല്‍ട്രോണ്‍ പറയുന്നവര്‍ക്ക് മാത്രമേ ഫയല്‍ അയക്കാന്‍ പറ്റൂ എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

രജിസ്ട്രാറുടെ അഡ്മിന്‍ അധികാരം പിന്‍വലിക്കണമെന്നും വിസി ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശവും സര്‍വ്വീസ് പ്രൊവൈഡല്‍ വിസമ്മതിച്ചു. ടെക്‌നോ പാര്‍ക്കിലെ സ്വകാര്യ കമ്പനിയാണ് സര്‍വീസ് പ്രൊവൈഡര്‍മാര്‍.

അതേസമയം, സര്‍വകലാശാലകളിലെ ഭരണപ്രതിസന്ധിയില്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുക്കാന്‍ ഗവര്‍ണറുമായുള്ള ചര്‍ച്ചയ്ക്ക് സാധ്യത തേടുകയാണ് സര്‍ക്കാര്‍.







Feedback and suggestions