Shashi Tharoor’s article on Emergency
11, July, 2025
Updated on 11, July, 2025 2
![]() |
കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ശശി തരൂര്‍ എം പി. അടിയന്തരാവസ്ഥയേയും ഇന്ദിരാഗാന്ധിയേയും അതിനിശിതമായി വിമര്‍ശിച്ചുള്ള തരൂരിന്റെ ലേഖനം ബിജെപിക്ക് ആയുധമായി മാറിയ സാഹചര്യത്തില്‍ ഹൈക്കമാന്റും കടുത്ത വിയോജിപ്പിലാണ്. കോണ്‍ഗ്രസിന്റെ ഐക്കണായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയേയും വിമര്‍ശിക്കുന്ന ലേഖനം പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന വ്യക്തമായ ബോധ്യത്തോടെയാണ് തരൂര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത്. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. എന്തായാലും, പാര്‍ട്ടിക്ക് തരൂരിനെ കൂടുതല്‍ക്കാലം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തം.
കഴിഞ്ഞ ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. നാലാംവട്ടം തിരുവനന്തപുരത്തുനിന്നും വിജയിച്ചവേളയില്‍ പാര്‍ലമെന്റില്‍ ഉപനേതാവായി പരിഗണിക്കപ്പെടുമെന്ന് തരൂര്‍ കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തരൂരിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമായിരുന്നില്ല. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലവേണമെന്ന തരൂരിന്റെ ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ദേശീയ നേതൃത്വം നിരന്തരമായി അവഗണിക്കുന്നുവെന്നായിരുന്നു തരൂരിന്റെ പരാതി.
ആദ്യ രണ്ട് ഘട്ടങ്ങളിലും പാര്‍ലമെന്റില്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍. എന്നാല്‍ മൂന്നാം മോദി സര്‍ക്കാരിനെതിരെ മൃദുസമീപനമാണ് തരൂര്‍ കൈക്കൊണ്ടിരുന്നത്. ഇത് പാര്‍ലമെന്റിലും പാര്‍ട്ടിയിലും ചുമതലകള്‍ ലഭിക്കാത്തതിനാലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഹൈക്കമാന്റിനെ ചൊടിപ്പിക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ലേഖനം. എന്നാല്‍ ലേഖനത്തെക്കുറിച്ച് ദേശീയ നേതൃത്വമോ, സംസ്ഥാന നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും സ്വയം ഒഴിഞ്ഞുപോകാന്‍ തരൂര്‍ ഒരുക്കമല്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് തരൂര്‍ ഓരോ തവണയും വിവാദ ലേഖനങ്ങളും പ്രസംഗങ്ങളും അഭിമുഖങ്ങളും നല്‍കുന്നത്. എന്നാല്‍ ഇവയൊന്നും അച്ചടക്ക നടപടിയിലേക്ക് എത്തിയില്ല. മോദിയേയും ബിജെപിയേയും. ആര്‍എസ്എസിനേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടും തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തുടരുകയാണ്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ പ്രതിനിധി സംഘത്തിന്റെ ടീം ലീഡറായതും മറ്റും കോണ്‍ഗ്രസില്‍ തരൂര്‍ വിരുദ്ധത ശക്തിപ്പെടാന്‍ വഴിയൊരുക്കിയിരുന്നു.
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റ് നിശ്ചയിച്ച സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനെത്തിയതോടെയാണ് ശശി തരൂര്‍ നേതൃത്വവുമായി അകലുന്നത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റു നല്‍കിയെങ്കിലും ഹൈക്കമാന്റിന് തരൂരിലുള്ള വിശ്വാസം നഷ്ടമായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ നടത്തിയ ചില ഇടപെടലുകളും അകല്‍ച്ചയുടെ ആഴം കൂട്ടി. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന തരത്തില്‍ തരൂര്‍ പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തിയതും നീരസത്തിന്റെ ആഴംകൂട്ടുകയായിരുന്നു.
സര്‍വെ ഫലം ഇന്നലെയാണ് ചര്‍ച്ചയായത്. സര്‍വെ ഫലം ശശി തരൂര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലേയാണ് തരൂര്‍ ഒരു ഇംഗ്ലീഷ് പത്രത്തില്‍ അടിയന്തരാവസ്ഥയേയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ദിരാഗാന്ധിയുടെ കാര്‍ക്കശ്യം അതിഭയാനകയിലേക്ക് നയിച്ചു, തടവറയിലെ പീഡനവും കൊലപാതകവും പുറംലോകം അറിഞ്ഞില്ല. സജ്ഞയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടുംക്രൂരത എന്നാണ് ലേഖനത്തിലെ പ്രധാന ആരോപണങ്ങള്‍. നെഹ്‌റു കുടുംബത്തെ നേരിട്ട് കടന്നാക്രമിച്ചുള്ള ലേഖനം ഇതിനകം ദേശീയതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
അടിയന്തരാവസ്ഥയുടെ പേരില്‍ ബിജെപി നേതൃത്വം കോണ്‍ഗ്രസിനെതിരെ കടുത്ത ആക്രമണം നടത്തുന്നതിനിടയിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന മട്ടിലുള്ള തരൂരിന്റെ കടന്നാക്രമണം. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസിന് തരൂര്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ് ലേഖനം.