VC Dr. Mohanan Kunnummal will arrive at the Kerala university headquarters today
10, July, 2025
Updated on 10, July, 2025 5
![]() |
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിദേശത്തുനിന്ന് തിരികെയെത്തിയ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തും. കഴിഞ്ഞദിവസം അവധി അപേക്ഷ നൽകിയ രജിസ്ട്രാർ കെ എസ് അനിൽകുമാറും ഇന്ന് യൂണിവേഴ്സിറ്റിയിൽ എത്തുമെന്നാണ് സൂചന.
സസ്പെൻഷൻ നടപടി പിൻവലിച്ചിട്ടില്ലെന്നും യൂണിവേഴ്സിറ്റിയിലേക്ക് വരാൻ പാടില്ലെന്നും കാണിച്ച് രജിസ്ട്രാർക്ക് വൈസ് ചാൻസിലർ കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ അവധി അപേക്ഷ നൽകിയെങ്കിലും മോഹന്‍ കുന്നുമ്മൽ അപേക്ഷ പരിഗണിക്കാതെ തള്ളി. അനിശ്ചിതകാല അവധിക്കായി അപേക്ഷിച്ച രജിസ്ട്രാർ അനിൽകുമാറിന് സസ്പെൻഷനിലിരിക്കുമ്പോൾ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വി സി മോഹൻ കുന്നുമ്മൽ മറുപടി നൽകിയത്. ജൂലൈ 9 മുതൽ അനിശ്ചിതകാലത്തേക്കാണ് അവധിയ്ക്ക് അപേക്ഷിച്ചത്. കെ എസ് അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തിയാൽ തുടർ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അതിനിടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ഇന്ന് ഒരേ വേദിയിൽ എത്തും. ഫസ്റ്റ് എയ്‌ഡ് കൗൺസിൽ ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായി നടപ്പിലാക്കുന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഥമശുശ്രൂഷാ പഠനം എന്ന പരിപാടിയുടെ ഉദ്ഘാടനം ഗവർണർ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരിപാടിയുടെ അധ്യക്ഷൻ. കേരള സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മലും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്കാണ് പരിപാടി. മന്ത്രിസഭാ യോഗശേഷം പരിപാടിയിൽ പങ്കെടുക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. കാവി കൊടിയേന്തിയ ഭാരതാംബ ഫോട്ടോ വിവാദത്തിൽ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച ശേഷം ഇത് ആദ്യമായാണ് ഇരുവരും വേദി പങ്കിടുന്നത്.