Teachers locked up in Aruvikkara GHSS
9, July, 2025
Updated on 9, July, 2025 21
![]() |
തിരുവനന്തപുരം അരുവിക്കര LPS-ൽ വന്ന് ഹാജർ രേഖപ്പെടുത്തി പോകാനൊരുങ്ങിയ അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ. 6 അദ്ധ്യാപകരെ സ്കൂൾ കോമ്പൗണ്ടിനകത്ത് ആക്കി ഗേറ്റ് പുറത്ത് നിന്നും പൂട്ടി. ഹാജർ രേഖപ്പെടുത്തി പോകേണ്ടതില്ലെന്നും മൂന്നര വരെ സ്കൂളിൽ തന്നെ തുടരണമെന്ന് സമരാനുകൂലികൾ പറഞ്ഞു.
സ്കൂളിന്റെ ഓഫീസ് പൂട്ട് സമരക്കാർ കൊണ്ടുപോയി. വൈകിട്ട് LPS സ്കൂൾ തുറന്ന് കൊടുക്കും എന്നറിയിച്ചെങ്കിലും സമരാനുകൂലികൾ തുറന്ന് നൽകുന്നില്ലെന്ന് സ്‌കൂൾ അധികൃതർ പരാതി നൽകി. തുടർന്ന് അരുവിക്കര സി.ഐ യുടെ നേതൃത്വത്തിൽ വന്ന് പൂട്ട് തല്ലി തകർത്തു.
അരുവിക്കര ഹയർ സെക്കന്ററി സ്കൂളിലും സമരാനുകൂലികൾ ഗേറ്റ് പുറത്ത് നിന്നും പൂട്ടി. 10 വനിതാ അദ്ധ്യാപകരും ഒരു പുരുഷ അദ്ധ്യാപകനും സ്കൂളിൽ ഉണ്ടായിരുന്നു. വൈകുന്നേരം 4.20 ന് സംഘടനാ നേതാക്കൾ വന്നാണ് ഗേറ്റ് തുറന്നത്.
അതേസമയം കൊല്ലത്തും പണിമുടക്ക് ദിനത്തിൽ സർക്കാർ സ്കൂളിൽ ഒപ്പിട്ട് മുങ്ങി അധ്യാപകർ. കൊല്ലം അഞ്ചൽ കരുകോൺ ഗവ.ഹയർ സെക്കന്റെറി സ്കൂളിലെ അധ്യാപകരാണ് സ്കൂളിലെത്തി ഒപ്പിട്ട ശേഷം വീടുകളിലേക്ക് മടങ്ങിയത്. സമരക്കാർ സ്കൂളിലെത്തി ഹാജർ ബുക്ക് പരിശോധിച്ചപ്പോഴാണ് 12 പേർ ഒപ്പിട്ടതായി കണ്ടത്.
എസ്എംസി ചെയർമാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിൻസിപ്പലിന്റെ അനുമതിയോടെയാണ് ഹാജർ ബുക്ക് പരിശോധിച്ചതെന്ന് സമരക്കാർ പറഞ്ഞു. സ്കൂളിൽ നിന്നും പ്രതിഷേധക്കാരെ പൊലീസ് എത്തി പിന്തിരിപ്പിച്ചു.