Legal advice to Governor to dissolve Kerala University Syndicate
8, July, 2025
Updated on 8, July, 2025 22
![]() |
സർവകലാശാല വിഷയത്തിൽ കടുത്ത നടപടിയുമായി രാജ്ഭവൻ. കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവർണർക്ക് നിയമോപദേശം. രാജ്ഭവൻ അഭിഭാഷകൻ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നൽകി. ഗവർണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോർട്ടിലാണ് നിയമോപദേശം.
രജിസ്ട്രാർ കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി അസാധുവാക്കും. സിൻഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിസ തോമസ് റിപ്പോർട്ട് നൽകിയിരുന്നത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അവസാനിപ്പിച്ച് കൊണ്ട് സിസ തോമസ് ഇറങ്ങിയതിന് ശേഷവും യോഗം തുടരുകയും കെഎസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് സിസ നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോർട്ട്. തുടർന്ന് രാജ്ഭവൻ നിയോമപദേശം തേടുകയായിരുന്നു
നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി കണ്ടെത്തിയാൽ സിൻഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങൾ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നൽകിയിരിക്കുന്നത്. വിഷയത്തിൽ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ നടപടി. ഗവർണർ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാൻ രജിസ്ട്രാർ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നൽകുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തത്. ഈ സസ്പെൻഷൻ ആണ് സിൻഡിക്കേറ്റ് ചേർന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിർപ്പ് മറികടന്നായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.
രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് പിൻവലിച്ചെങ്കിലും സർവകലാശാലയിൽ ഇന്നും കസേരകളിയായിരുന്നു. സിൻഡിക്കേറ്റിനെ മറികടന്ന് വീണ്ടും വൈസ് ചാൻസലർ താൽകാലിക രജിസ്ട്രാറെ നിയമിച്ചു. താൽകാലിക വൈസ് ചാൻസിലർ ഡോക്ടർ സിസ തോമസിൻ്റെ കാരണം കാണിക്കൽ നോട്ടീസ് അവഗണിച്ച് രജിസ്ട്രാർ ചുമതലയുണ്ടായിരുന്ന പി ഹരികുമാർ അവധിയിൽ പ്രവേശിച്ചു. പിന്നാലെ പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡയറക്ടർ മിനി കാപ്പന് രജിസ്ട്രാരുടെ ചുമതല നൽകി താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ് ഉത്തരവിറക്കിയിരുന്നു.