Superintendent Takes Responsibility: തിരച്ചില്‍ വൈകിയതിൻ്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്

Superintendent Takes Responsibility
4, July, 2025
Updated on 4, July, 2025 1

കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയതെന്നും ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു. പകരം സംവിധാനം ഒരുക്കാതെ കെട്ടിടം അടച്ചിടാന്‍ സാധിയ്ക്കില്ലായിരുന്നുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തിരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജയകുമാര്‍. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയതെന്നും ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു. പകരം സംവിധാനം ഒരുക്കാതെ കെട്ടിടം അടച്ചിടാന്‍ സാധിയ്ക്കില്ലായിരുന്നുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. 

"മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോള്‍ വിവരങ്ങള്‍ കൈമാറിയത് ഞാനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചത്." ആശുപത്രി സൂപ്രണ്ട് ജയകുമാര്‍ പറഞ്ഞു.

ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുക സാധ്യമായിരുന്നില്ല. ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകള്‍ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കെട്ടിടത്തില്‍നിന്നും ആളുകളെ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു എന്നും സൂപ്രണ്ട് പറയുന്നു.


Feedback and suggestions

Related news